
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയിലും ഹിമാചൽ പ്രദേശിലുമായി മഴക്കെടുതിയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദേശീയപാതകൾ ഉൾപ്പെടെ 269 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.
ബീഹാറിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രാജസ്ഥാനിലും സമാനസ്ഥിതി തുടരുകയാണ്. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഗംഗ, യമുന നദികളിൽ ജലനിരപ്പുയർന്നതിനാൽ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സിക്കിമിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.