ഡിസംബർ 25 മുതൽ വിതരണം ചെയ്ത വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. കുടിവെള്ള പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച വഴി മലിനജലം കലരുകയായിരുന്നു.

ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെത്തുടർന്ന് എട്ട് പേർ മരിച്ചു. നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇൻഡോറിലെ ഭാഗീരഥ്പുര മേഖലയിലാണ് സംഭവം. കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഡ്രെയിനേജ് പൈപ്പിലെ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. മരിച്ച എട്ട് പേരിൽ ആറ് പേർ സ്ത്രീകളാണ്. ഡിസംബർ 25 മുതൽ വിതരണം ചെയ്ത വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.

കുടിവെള്ള പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച വഴി മലിനജലം കലരുകയായിരുന്നു. പൈപ്പ് ലൈനിന് മുകളിൽ അനധികൃതമായി നിർമ്മിച്ച ടോയ്‌ലറ്റിൽ നിന്നുള്ള മാലിന്യമാണ് കുടിവെള്ളത്തിൽ കലർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതരമായ വീഴ്ച വരുത്തിയ സോണൽ ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഒരു സബ് എഞ്ചിനീയറെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. രോഗബാധിതരായ എല്ലാവരുടെയും ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഛർദ്ദി, വയറിളക്കം നിർജ്ജലീകരണം എന്നീ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം ആളുകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.