കൊച്ചിയില്‍ 15 കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ മാംസം പിടിച്ചെടുത്തു

By Web DeskFirst Published Jul 30, 2017, 1:43 PM IST
Highlights

കൊച്ചി കരുവേലിപ്പടിയില്‍ പതിനഞ്ച് കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ   മാംസം  പിടിച്ചെടുത്തു. ആറായിരം കിലോഗ്രാം തൂക്കം വരുന്ന കടല്‍ സ്രാവിന്‍റെ  മാംസമാണ് രണ്ട് ഗോഡൗണുകളില്‍ നിന്നായി പിടിച്ചെടുത്തത്.


സംരക്ഷിത ജീവിവിഭാഗത്തില്‍പെട്ട കടല്‍ സ്രാവിന്‍റെ മാംസമാണ് മട്ടാഞ്ചേരിക്കടുത്ത് കരുവേലിപ്പടിയിലെ മറൈന്‍ ഫിങ്സ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണുകളില്‍ നിന്നു പിടിച്ചെടുത്തത്. വിദേശ രാജ്യങ്ങളില്‍ പ്രോട്ടീന്‍ നിര്‍മാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  ആറായിരം കിലോഗ്രാം തൂക്കം വരുന്ന സ്രാവിന്‍റെ ഉണങ്ങിയ മാംസമാണ് കണ്ടെടുത്തത്. ഇന്ത്യയില്‍ കടല്‍ സ്രാവ് വേട്ട നിരോധിച്ചതിനാല്‍ സ്ഥാപന ഉടമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. പിടിച്ചെടുത്ത കടല്‍ സ്രാവിന്‍റെ  മാംസത്തിന്  കിലോഗ്രാമിന് പതിനയ്യായിരം രൂപവിലമതിക്കുമെന്നാണ് പൊലീസ് പറയുന്നത്.  വല്ലാര്‍പാടം തുറമുഖം വഴി കൊളംബോയിലെത്തിക്കാനായാണ് ഇത് സൂക്ഷിച്ചിരുന്നത്. പിന്നീടത് ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റിപ്പോകും. കേസ് വനം വകുപ്പിന് കൈമാറി. സ്രാവിന്‍റെ ചിറക് കേരളതീരത്തുനിന്നും പിടിച്ചതാണോ മറ്റെവിടെനിന്നെങ്കിലും കൊണ്ടുവന്നതാണോ എന്നും പരിശോധിക്കുന്നുണ്ട്.

click me!