എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണത്തിന് ഇരയായ യുവതി കടന്നുപോയത് കടുത്ത സമ്മർദത്തിലൂടെ

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണത്തിന് ഇരയായ യുവതി കടന്നുപോയത് കടുത്ത സമ്മർദത്തിലൂടെ. ഒരു വർഷത്തില്‍ കൂടുതലായി നിയമ പോരാട്ടം നടത്തുകയാണെന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയെന്നും യുവതി പറഞ്ഞു. 2024 ൽ നോർത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഗർഭിണിയായിരുന്ന ഷൈമോൾ എൻ. ജെ മർദനത്തിന് ഇരയായത്. എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോളടു മുഖത്ത് അടിച്ചത്. രണ്ട് പേരെ മ‍‍ർദിച്ച് ജീപ്പില്‍ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ ഭർത്താവ് പകർത്തിയിരുന്നെന്നും പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയി. തുടർന്ന് കുട്ടികളുമായി താൻ പൊലീസ് സ്റ്റേഷനിലെത്തി. ആ സമയത്ത് ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടത്. കരഞ്ഞ് നിലവിളിച്ച് ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ നെഞ്ചത്ത് പിടിച്ച് തള്ളി, മുഖത്ത് അടിച്ചു. ഭർത്താവിന്‍റെ തലയ്ക്കും അടിച്ചു. തുടർന്ന് ആശുപത്രിയില്‍ പോയി. എന്നാല്‍ തനിക്കെതിരെ പൊലീസ് കള്ളക്കേസിട്ടു. സ്റ്റേഷൻ ആക്രമിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ മാന്തി പരിക്കേല്‍പ്പിച്ചു എന്നൊക്കെ ആരോപിച്ചായിരുന്നു കേസ് എടുത്തത്. ഇത് സമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ദൃശ്യങ്ങൾ ലഭിച്ചത് എന്നും ഷൈമോൾ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന സംഭവത്തിൻ്റെ തെളിവുകൾ ലഭിച്ചത് നിയമ പോരാട്ടത്തിലൂടെയാണ്. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരേയും നടപടിയെടുത്തിട്ടില്ല. വനിതാ പൊലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കുമ്പോഴാണ് യുവതിക്ക് മർദ്ദനമേറ്റത്. അന്യായമായി ഭർത്താവിനെ തടവില്‍ വെച്ചത് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിക്ക് ക്രൂര മർദനം നേരിടേണ്ടി വന്നത്.