വയസ്‌ 34, വിവാഹം കഴിച്ചിട്ടില്ല; ഫേസ്‌ബുക്കിൽ ഒരു വിവാഹ പരസ്യം, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Web DeskFirst Published Jul 30, 2017, 12:40 PM IST
Highlights

തിരുവനന്തപുരം:  നാട്ടിൽ വിവാഹ ആലോചനയുമായി  നടന്നു മടുത്താൽ എന്തു ചെയ്യും...?  ഒരുപക്ഷെ മാട്രിമോണിയൽ സൈറ്റുകളിൽ ആയിരങ്ങൾ മുടക്കി ഒരു പരസ്യം നൽകും. എന്നാൽ ഇവിടെ മഞ്ചേരിക്കാരനായ രഞ്‌ജിഷ്‌ ചെയ്‌തത്‌ മറ്റൊരു കാര്യമാണ്‌. ഫേസ്‌ബുക്കിൽ ഒരു പരസ്യമങ്ങ്‌ നൽകി...!

 'എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല,  അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ... എനിക്ക് 34 വയസ് ആയി ഡിമാന്റ് ഇല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്..' ഈ കുറിപ്പിനൊപ്പം സ്വന്തം മൊബൈൽ നമ്പറും രഞ്ജിഷ് ഫേസ്ബുക്കിൽ നൽകി. 

ഫേസ്ബുക്കിലെ തന്റെ  സൗഹൃദവലയത്തിലുള്ളവരിൽ ആരെങ്കിലും പ്രതികരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രഞ്ജിഷ് ഇങ്ങനെ ഒരു കുറപ്പെഴുതിയത്.  രഞ്ജിഷിന്റെ വിവാഹപരസ്യം ഫേസ്ബുക്ക് അങ്ങ് ഏറ്റെടുത്തു. നാലായിരത്തോളം പേർ  കുറിപ്പ് ലൈക്ക് ചെയ്തപ്പോൾ രണ്ടായിരത്തോളം പേർ പരസ്യം ആ പോസ്റ്റ് ചെയ്തു. പരസ്യം കണ്ട് നിരവധി ആലോചനകൾ രഞ്ജിഷിനെ തേടിയെത്തുകയും ചെയ്തു.  ഇതിനെല്ലാം പുറമേ ഫേസ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട്  വാട്സ് ആപ്പിലും വൈറലായി.

സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയതെന്ന് രഞ്ജിഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഫേസ്ബുക്ക് വിനോദത്തിന് മാത്രമല്ല ഇത്തരം ആവശ്യങ്ങൾക്കും ഉപയോ​ഗിക്കാമെന്ന് സുഹൃത്ത് ഉപദേശിച്ചു. അങ്ങനെയാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. 27ാം വയസു മുതൽ ആലോചന തുടങ്ങിയതാണ്. പലപ്പോഴും ജാതകമാണ് ചതിച്ചത്.

എന്നാൽ അതൊക്കെ പഴങ്കതയാണ്.  ഇന്ന് എന്റെ ആ​ഗ്രഹം എന്നെ മനസിലാക്കുന്ന ഒരു പെണ്ണിനെ കണ്ടെത്തുക എന്നത് മാത്രമാണ് ചിന്ത.  ജാതി ചോദിക്കുന്നില്ല, മറ്റ് ഡിമാന്റുകളൊന്നുമില്ല. നിരവധി പേർ ആലോചനകളുമായി വിളിക്കുന്നുണ്ടെന്ന് രഞ്ജിഷ് പറയുന്നു. വിവാഹം ഉടനെ നടക്കുമെന്ന പ്രതീക്ഷയിലാണ് രഞ്ജിഷ്.  മഞ്ചേരി പുല്ലാറ സ്വദേശി രാമൻകുട്ടിയുടെയും ചന്ദ്രികയുടെ മകനാണ് ഫോട്ടോഗ്രാഫറായ രഞ്ജിഷ്. 

click me!