
ഒരേ സമയം കോണ്‍ഗ്രസിനെ കുത്തിയും സന്തോഷമറിയിച്ചും ശശി തരൂര്‍ എംപി. ആവനാഴിയിലെ അവസാന ആയുധം എന്നുവിളിക്കാവുന്ന രഹസ്യ ഫയല്‍ ടൈംസ് നൗ പുറത്തുവിട്ടതിനു പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള തരൂരിന്‍റെ പ്രതികരണം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉന്നയിക്കാന്‍ പോകുന്ന വിഷയങ്ങളാണ് ടൈംസ് നൗ എക്സ്ക്ലുസീവായി പുറത്തുവിട്ടത്. മാറ്റത്തിനായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊള്ളാം എന്നായിരുന്നു പുറത്തുവന്ന രേഖയെക്കുറിച്ചുള്ള തരൂരിന്‍റെ ട്വീറ്റ്. സമ്മേളനത്തിനു മുന്നോടിയായി എംപിമാര്‍ക്കായി കോണ്‍ഗ്രസ് പുറത്തിറക്കിയ നിര്‍ദേശങ്ങളടങ്ങിയ രേഖയാണ് ചോര്‍ന്നത്.
തിരിച്ചുവരവിന് ശ്രമിക്കുന്ന പാര്‍ട്ടിക്ക് വര്‍ഷകാല സമ്മേളനത്തിനു മുമ്പ് ലഭിക്കുന്ന പ്രചരണം കൂടിയായതിനാലുള്ള സന്തോഷവും എംപിയുടെ വാക്കുകളിലുണ്ട്. എന്നാല്‍ രഹസ്യസ്യഭാവമുള്ള വിവരങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസിലെ പിന്‍വാതിലുകളെയും തരൂര്‍ ട്വിറ്റിലൂടെ ലക്ഷ്യമിടുന്നുവെന്ന് വ്യക്തം. രാഷ്ട്രീയ മാറ്റത്തിനായി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷയും തരൂരിന്‍റെ വാക്കുകളിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പദ്ധതികള്‍ പുറത്തായതോടെ ഇത്തവണത്തെ സമ്മേളനം സമാധാനപരമാവില്ല എന്ന് വ്യക്തമായി.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രധാന വിഷയങ്ങളൊക്കയും കോണ്‍ഗ്രസ് പാര്‍ലമെന്‍റിലുയര്‍ത്താനാണ് സാധ്യത. രാജ്യം അതിസങ്കീര്‍ണ്ണമായ രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെ സമ്മേളനമായതിനാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിനില്‍ക്കില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഗോസംരക്ഷകരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ അഖ്ലഖിന്‍റെയും കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി ജുനൈദിന്‍റെയും വിഷയങ്ങള്‍ പാര്‍ലമെന്‍റിന്‍റെ ഉന്നയിക്കുമെന്ന് രേഖയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പാലിക്കുന്ന മൗനവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ വര്‍ഗ്ഗീയലഹളകളില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്‍റെയും എംപിയായ രാഖവ് ലഖന്‍പാലിന്‍റെ പങ്കും കോണ്‍ഗ്രസ് പാര്‍ഡലമെന്‍റില്‍ ഉന്നയിക്കുമെന്നാണ് സൂചന.
ബീഫ് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോസംരക്ഷകരുടെ അക്രമ നടപടികളും കോണ്‍ഗ്രസ് ഭരണകക്ഷിയെ ആക്രമിക്കാനായി ഉപയോഗിക്കും. കാശ്മീരില്‍ പാക്കിസ്ഥാനും സിക്കിമില്‍ ചൈനയും നടത്തുന്ന കടന്നാക്രമണത്തിലെ സര്‍ക്കാരിന്‍റെ നിലപാട് കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. ചരിത്ര നീക്കം എന്ന നിലയില്‍ ഭരണകക്ഷി നടപ്പാക്കിയ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യവും തൊഴില്‍ പ്രതിസന്ധിയും പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെടും.
ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ച ജിഎസ്‍ടി സൃഷ്ടിക്കുന്ന പ്രായോഗിക പ്രശ്നങ്ങളും അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രധാന വാഗ്ദാനമായിരുന്ന ലോക്പാല്‍ നടപ്പാക്കാത്തതും ചോദ്യങ്ങളുടെ പട്ടികയിലുണ്ട്. ചുരുക്കത്തില്‍ പാര്‍ലമെന്‍റില്‍ വരാനിരിക്കുന്നത് സംഘര്‍ഷ ദിനങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam