ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തു മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

By Web deskFirst Published Jan 13, 2018, 10:15 AM IST
Highlights

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തു മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

ഡാലസ് കൗണ്ടിയിലെ ഗ്രാന്റ് ജ്യൂറിയിലാണ് വെസ്റ്റ്‌ലി മാത്യൂസിനും സിനി മാത്യുസിനുമെതിരായ കുറ്റപത്രം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യുഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ഗ്രാന്റ് ജ്യൂറി ശരി വച്ചു. 

വെസ്ലിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, കുട്ടിയെ പരിക്കേല്‍പ്പിച്ച് അപകടാവസ്ഥയിലാക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രാഥമിക തെളിവുകള്‍ പ്രൊസിക്യൂഷന്‍ ഗ്രാന്റ് ജ്യൂറിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

കുറ്റം തെളിഞ്ഞാല്‍ വെസ്ലിയ്ക്ക് പരോള്‍ ലഭിക്കാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. ഷെറിനെ അപകടാവസ്ഥയിലാക്കിയെന്ന കുറ്റമാണ് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. 

മരണ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രോസിക്യൂട്ടര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വെസ്ലിയ്ക്ക വധശിക്ഷ നല്‍കാന്‍ കോടതിയോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് പ്രോസിക്യൂഷന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ഷെറിന് സമ്പൂര്‍ണ നീതി ലഭിക്കാന്‍ പ്രോസിക്യൂഷന്‍ സന്നദ്ധമാണെന്ന് അറിയിച്ചു. അടുത്തമാസത്തോടെ കേസ് കോടതിയ്ക്ക മുമ്പാകെ എത്തുമെന്നാണ് കരുതുന്നത്. 

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22 ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഒരു ഓര്‍ഫനേജില്‍ നിന്നുമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേന്ന് വൈകിട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുന്‍പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
 

click me!