ഇറാന്‍റെ ഖാർഗ് ദ്വീപിനെ ആക്രമിച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വികസിപ്പിക്കുന്നു. 2500-ൽ അധികം സൈനികരുമായി യുഎസ്എസ് ട്രിപൊളി മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 

വാഷിങ്ടണ്‍: ഇറാന്‍റെ എണ്ണ വ്യാപാരത്തിന്‍റെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപിനെ ആക്രമിച്ചതിന് പിന്നാലെ പടയൊരുക്കം ശക്തമാക്കി അമേരിക്ക. മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വികസിപ്പിക്കുകയാണ്. യുഎസ്എസ് ട്രിപൊളി മേഖലയെ ലക്ഷ്യമാക്കി തിരിച്ചുകഴിഞ്ഞു. 2500ലേറെ സൈനികരെയും ആയുധങ്ങളെയും വഹിച്ചാണ് യാത്ര. മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡാണ് നേതൃത്വം നൽകുന്നത്. ഈ നീക്കം അമേരിക്ക വിശാലമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് എന്നതിന്‍റെ സൂചനയാണ് നൽകുന്നത്.

വേണമെങ്കിൽ വ്യോമാക്രമണം നടത്താനും വ്യോമതാവളത്തിന്‍റെ സഹായമില്ലാതെ തന്നെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള സൗകര്യം യുഎസ്എസ് ട്രിപൊളിയിലുണ്ട്. കപ്പൽ എത്തുന്നതോടെ യുഎസ് സൈന്യം ഇറാൻ ലക്ഷ്യമാക്കി കൂടുതൽ നീക്കം നടത്തിയേക്കും. ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, പശ്ചിമേഷ്യയിലുടനീളം 50,000ലേറെ യുഎസ് സൈനികരെ ഇതിനകം വിന്യസിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ പൂർണമായും ഉന്മൂലനം ചെയ്തെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രിപൊളിയും മേഖലയിലേക്ക് തിരിക്കുന്നത്. എന്നാൽ ദ്വീപിലെ എണ്ണ ടെർമിനലുകൾ സുരക്ഷിതമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാർഗ് ദ്വീപിൽ നിന്നാണ്. ഹോർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം ഇറാൻ തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇറാനോട് കീഴടങ്ങാൻ ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ സൈന്യം ആയുധം താഴെവെയ്ക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളെ യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്നും ട്രംപ് പറഞ്ഞു.