മോദിയുഗത്തിലും സ്വാതന്ത്ര്യ സമരത്തിന്‍റെ ഐക്കണ്‍ സവര്‍ക്കര്‍ക്ക് ഭാരതരത്നയില്ല: ശിവസേന

By Web TeamFirst Published Jan 28, 2019, 6:12 PM IST
Highlights

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് കേന്ദ്രത്തിലും മഹാരാഷ്ട്രിയിലും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നാളുകളായുള്ള ആവശ്യമാണ്. ജിവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ കിടന്നത് ചൂണ്ടിക്കാണിച്ചാണ് ശിവസേനയുടെ ആവശ്യം.

മുംബൈ: സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കി ആദരിക്കാത്തതിനെതിരെ ശിവസേന. സ്വാതന്ത്ര്യ സമരത്തിന്‍റെ ഐക്കണായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് മോദിയുഗത്തിലും അവഗണന നേരിട്ടത് നിര്‍ഭാഗ്യമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പാര്‍ട്ടി പത്രമായ സാമ്‍നയിലാണ് വിമര്‍ശനം. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് കേന്ദ്രത്തിലും മഹാരാഷ്ട്രിയിലും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നാളുകളായുള്ള ആവശ്യമാണ്. ജിവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ കിടന്നത് ചൂണ്ടിക്കാണിച്ചാണ് ശിവസേനയുടെ ആവശ്യം.

സവര്‍ക്കറിന്‍റെ ശക്തമായ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ മൂലം മുന്‍ ഗവണ്‍മെന്‍റുകള്‍ മനപ്പൂര്‍വ്വം സവര്‍ക്കറിനെ അവഗണിക്കുകയായിരുന്നെന്നും ആ തെറ്റ്  എന്‍ഡിഎ ഗവണ്‍മെന്‍റ്  തിരുത്തുന്നതിനുള്ള സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേനയുടെ രാജ്യസഭാ അംഗം സ‍ഞ്ജയ് റൗത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് തങ്ങളുടെ ഭരണകാലത്ത് സവര്‍ക്കറിനെ അപമാനിച്ചു. പ്രതിപക്ഷമായിരുന്ന സമയത്ത് ബിജെപി സവര്‍ക്കര്‍ക്ക് ഭാരതരത്ന നേടിയെടുക്കുന്നതിനായി ശബ്ദമുയര്‍ത്തി. 

എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്രം പണിയുകയോ സവര്‍ക്കറിന് ഭാരതരത്ന നല്‍കുകയോ ചെയ്തില്ല. ഈ അവഗണന മോദിയുഗത്തിലാണെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. സവര്‍ക്കര്‍ കഴിഞ്ഞിരുന്ന ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ മോദി കഴിഞ്ഞ മാസം പോയിരുന്നു. എന്നാല്‍ അവിടെ വെച്ചുള്ള മധ്യസ്ഥശ്രമങ്ങള്‍ കടല്‍തിരകളില്‍ ഒലിച്ച് പോയെന്നും ശിവസേനയുടെ പരിഹാസം. അന്തരിച്ച പ്രമുഖ സംഗീതഞ്ജന്‍ ഭൂപന്‍ ഹസാരിക്ക് ഭാരതരത്ന നല്‍കിയത് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും അത്   ശരിയല്ലെന്നും വിമര്‍ശനം.

click me!