
മുംബൈ: ശിവസേനയ്ക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷാ താക്കീത് നല്‍കിയതിന് പിന്നാലെ ഉദ്ധവ് താക്കറെയ്ക്ക് വെല്ലുവിളിയുമായി എന്‍ സി പി നേതാവ് ജയന്ത് പാട്ടീൽ. ശിവസേന സ്ഥാപകന്‍ ബാൽ താക്കറെയുടെ രക്തം ഞരമ്പുകളിൽ ഇപ്പോഴും ഓടുന്നുണ്ടെങ്കില്‍ മഹാരാഷ്ട്ര മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള ധൈര്യം ശിവസേന നേതൃത്വം കാണിക്കണമെന്ന് ജയന്ത് വെല്ലുവിളിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിയുടെ ജനപ്രീതി എന്നേ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയിൽ നിന്ന് താക്കീത് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി ഉദ്ധവ് താക്കറെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്നും ജയന്ത് ആരോപിച്ചു. സഖ്യകക്ഷി തങ്ങൾക്ക് ഒപ്പം ചേർന്നാൽ സന്തോഷം. അവരെ സ്വീകരിക്കും. അവർക്ക് സഖ്യത്തിൽ എത്താൻ താൽപര്യമില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സജ്ജമാണെന്നുമാണ് അമിത് ഷാ ശിവസേനയോട് പറഞ്ഞത്.
മുഴുവൻ സീറ്റിലും മത്സരിച്ചാൽ 40 ഇടത്തെങ്കിലും ബി ജെ പിക്ക് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷായുടെ പ്രസ്താവന. അതേസമയം, വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു ശിവസേന അമിത് ഷായുടെ വെല്ലുവിളിയോട് പ്രതികരിച്ചത്. പാര്‍ട്ടിക്ക് ആരും അന്ത്യശാസനം നല്‍കേണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുറന്നടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam