മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്‍റെ തുറുപ്പുചീട്ട്; ശിവരാജ് സിംഗിനെതിരെ ഭാര്യാസഹോദരന്‍ മത്സരിച്ചേക്കും

By Web TeamFirst Published Nov 3, 2018, 6:02 PM IST
Highlights

ബോളിവുഡ് സിനിമ നടന്‍ കൂടിയായ മാസാനിയുടെ സാന്നിധ്യം ബിജെപി ക്യാമ്പുകളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ശക്തമായ രീതിയിലാണ് ബിജെപി കേന്ദ്രങ്ങള്‍ മാസാനിയുടെ കൂടുമാറ്റത്തോട് പ്രതികരിച്ചത്

ഭോപ്പാല്‍: പൊതുതെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് മധ്യപ്രദേശിലാണ്. ബിജെപിയുടെ ഹാട്രിക് വിജയത്തെ ഇക്കുറി പിടിച്ചുകെട്ടുമെന്ന് കോണ്‍ഗ്രസും ഭരണം തുടരുമെന്ന് ബിജെപിയും പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും മധ്യപ്രദേശില്‍ മത്സരം കടക്കുകയാണ്.

ഇരുപാര്‍ട്ടികളില്‍ നിന്നും നേതാക്കളും അണികളും കൂടുമാറുന്നുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ കൊണ്ടുവരികയെന്ന തന്ത്രം പണ്ട് മുതലെ ഉണ്ടെങ്കിലും അതിനെ ഒരു ചാണക്യ തന്ത്രമാക്കി മാറ്റിയത് അമിത് ഷായാണെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയാറുള്ളത്. ഇപ്പോഴിതാ അമിത് ഷായുടെ അതേ ചാണക്യ തന്ത്രം തന്നെയാണ് രാഹുല്‍ ആര്‍മിയും പുറത്തെടുക്കുന്നത്.

അടുത്തിടെ ചത്തിസ്ഗഢിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിരുന്നു കോണ്‍ഗ്രസ്. വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയെ മുഖ്യമന്ത്രി രമണ്‍ സിംഗിനെ മലര്‍ത്തിയടിക്കാനാണ് നിയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ മധ്യപ്രദേശിലും മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ നിന്നും എതിരാളിയെ കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ബിജെപിയെയും ഞെട്ടിച്ചിരിക്കുകയാണ്. ചൗഹാന്‍റെ ഭാര്യാ സഹോദരന്‍ സഞ്ജയ് സിങ് മാസാനിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. മാസാനി കോണ്‍ഗ്രസിന്‍റെ കൈ പിടിച്ചുകഴിഞ്ഞു. ശിവരാജ് സിങ് ചൗഹാനെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

ബോളിവുഡ് സിനിമ നടന്‍ കൂടിയായ മാസാനിയുടെ സാന്നിധ്യം ബിജെപി ക്യാമ്പുകളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ശക്തമായ രീതിയിലാണ് ബിജെപി കേന്ദ്രങ്ങള്‍ മാസാനിയുടെ കൂടുമാറ്റത്തോട് പ്രതികരിച്ചത്.

click me!