
പത്തനംതിട്ട: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജ്. ജനപക്ഷം സ്വന്തം ചിഹ്നത്തിൽ അഞ്ച് പാർലമെൻറ് സീറ്റുകളിൽ മൽസരിക്കുമെന്നും ഷോൺ ജോർജ് പത്തനംതിട്ടയിൽ നിന്നാൽ ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.
നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പി സി ജോര്‍ജ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെപ്പറ്റി പ്രതികരണം നടത്തിയത്. ഇതോടെ പി സിയുടെ മകന്‍ ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
എന്നാല്‍, പാര്‍ട്ടി ഇത് വരെ സ്ഥാനാര്‍ഥി ആകണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. ഒരു മുന്നണിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, തിരുവനന്തപുരം എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ ഇന്ന് മുതല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ പാര്‍ട്ടി ആരംഭിക്കുകയാണ്.
ഇതില്‍ ബിജെപിയുമായി സഹകരണം ഒന്നും നിലവിലില്ല. ജനപക്ഷം എന്ന രീതിയില്‍ മാത്രം പ്രചാരണം മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപക്ഷം എന്ന നിലയില്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം.
അഞ്ച് ലോക്സഭ മണ്ഡലങ്ങളിലെ എല്ലാ പഞ്ചായത്തുകളിലും അമ്പത് ദിവസത്തിനുള്ളില്‍ കമ്മിറ്റികള്‍ കൂടി ഇലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. ബിജെപിയുമായുള്ള സഹകരണത്തിലെ പ്രതികരണത്തെപ്പറ്റിയുള്ള ചോദ്യത്തിന് സഹകരിച്ചാല്‍ മാത്രമല്ലേ പ്രതികരണമുണ്ടാകുകയുള്ളുവെന്നാണ് ഷോണ്‍ വ്യക്തമാക്കിയത്.
സഹകരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഹെെന്ദവ സമുദായത്തില്‍ നിന്ന് അനുകൂലമായ വികാരവും മുസ്‍ലിം സമുദായത്തില്‍ നിന്ന് പ്രതികൂലവുമായ വികാരവുമാണ് ലഭിച്ചത്. 'ജനപക്ഷം' ജനപക്ഷമെന്ന രീതിയില്‍ മാത്രമേ നില്‍ക്കുകയുള്ളുവെന്ന പാര്‍ട്ടി നിലപാട് ഈ വിഷയത്തില്‍ അറിയിച്ചപ്പോള്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമായി.
പൊതുവില്‍ ഇടത് പക്ഷവുമായി സഹകരണം ഇല്ലെന്ന് മാത്രമാണ് പാര്‍ട്ടിയുടെ നിലപാട്. അവരുടെ ഇപ്പോഴത്തെ നയങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാനാവില്ലാത്തത് കൊണ്ടാണത്. മറ്റാരുമായും സഹകരിക്കുന്നതിന് വിരോധമൊന്നുമില്ല. കോണ്‍ഗ്രസുമായും ഇപ്പോള്‍ പ്രശ്നങ്ങളില്ല.
താനൊരു പൊതു പ്രവര്‍ത്തകനാണ്. എവിടെയാണെങ്കിലും ജനപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയായി മാത്രമേ മത്സരിക്കുകയൂള്ളു. അല്ലാതെ വേറെ ആരുടെയും ഭാഗമായി മത്സരിക്കില്ല. നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ല ജനപക്ഷം. ഇനി ഭാഗമാകുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.
ഇനി വരുന്ന മാസങ്ങളിലുണ്ടാകുന്ന കാര്യങ്ങള്‍ മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിച്ചേക്കാം. ഇപ്പോള്‍ തെരഞ്ഞെടുപ്പിന് തയാറെക്കുക എന്ന് മാത്രമാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാര്‍ട്ടി തീരുമാനിച്ചാല്‍ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി സ്ഥാനാര്‍ഥിയാകേണ്ടെന്ന് പറഞ്ഞാല്‍ അത് അങ്ങനെയാകുമെന്നും ഷോണ്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam