
കണ്ണൂര്‍: ജീവനെടുക്കുമെന്ന സോഷ്യൽമീഡിയാ കൊലവിളികളിൽ തെളിവുണ്ടായിട്ടും കേസെടുക്കാൻ പോലും പൊലീസ് പരാജയപ്പെടുന്നതാണ് കണ്ണൂർ സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഷുഹൈബ് വധക്കേസിൽ പിടിയിലായ ആകാശ് തില്ലങ്കേരി മുൻപും കൊലവിളി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമാധാന കരാറിലെ പ്രധാന തീരുമാനമായിരുന്നു സോഷ്യൽമീഡിയ ശക്തമായി നിരീക്ഷിക്കുമെന്നത്. ഷുഹൈബിനെതിരായി മുൻപ് പുറത്തുവന്ന കൊലവിളിവീഡിയോയിൽ പോലും ഇതുവരെ കേസെടുത്തിട്ടില്ല.
തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് അതിന് ശേഷമുണ്ടായ സംഘർഷത്തിനിടെ വിളിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നത്.
ഷുഹൈബ് വധത്തിന് മുൻപാണിതെല്ലാം. ടി.പി വധക്കേസ് പ്രതികളായ കൊടി സുനിക്കും ഷാഫിക്കുമെല്ലാം വീരപരിവേഷമാണ് ആകാശിന്റെ പ്രൊഫൈലിൽ. ഇത്തരം പ്രൊഫൈലുകൾ നിരീക്ഷിക്കുമെന്നായിരുന്നു സമാധാന കരാറിലെ പൊലീസ് ഉറപ്പ്. എന്നിട്ടും, ഷുഹൈബിനെതിരെ കൊലവിളിയുമായി മട്ടന്നൂരിൽ നടന്ന സിപിഎം പ്രകടനത്തിനെതിരെ ഷുഹൈബ് കൊല്ലപ്പെട്ടശേഷവും കേസെടുത്തിട്ടില്ല. വീട്ടിലേക്ക് വരെ ഭീഷണി സന്ദേശമെത്തിയെന്ന പിതാവിന്റെ വെളിപ്പെടുത്തൽ സോഷ്യൽമീഡിയാ കൊലവിളിയുടെ ആഴം വ്യക്തമാക്കുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ബിജെപി പ്രകടനത്തിലുണ്ടായ കൊലവിളിയിലും നടപടി എങ്ങുമെത്തിയിട്ടില്ല. എതിരാളികളുടെ മുഖം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പരിചയപ്പെടുത്തുന്നതാണ് കണ്ണൂരിലെ പുതിയ രീതി. എന്നിട്ടും നടപടിയെടുക്കാന്‍ താൽപര്യമില്ലാതെ ഇഴയുകയാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam