
മൂന്നാര്‍: ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ്ഐയെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് 24 മണിക്കൂറിനിടെയുള്ള സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം. എന്നാൽ, എസ്ഐ സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നൽകിയിരുന്നെന്ന് പൊലീസ് അറിയിച്ചു.
മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതിന് ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ ഒന്നാം പ്രതിയാക്കി ബുധനാഴ്ച രാത്രിയാണ് പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത മൂന്നാർ എസ്ഐ പി.ജെ. വർഗീസിന് ഇന്നലെ രാത്രി സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചു.
ഉടനടി കട്ടപ്പന സ്റ്റേഷനിലെത്തി ചാർജ് ഏറ്റെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ ഗവൺമെന്‍റ് കോളേജ് മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം തേടി എത്തിയ എംഎൽഎയും സംഘവും കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രത്യേക ട്രൈബ്യൂണൽ ഓഫീസിൽ അതിക്രമിച്ച് കയറിയത്.
മൂന്നാറിലെ ഭൂമി സംബന്ധമായ കേസുകൾ പരിഹരിക്കുന്നതിന് സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണലിലെ രേഖകൾ നശിപ്പിക്കുന്നതിനായി എംഎൽഎയും സംഘവും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും എതിരെ പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് കേസെടുത്ത്.
ഇതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് പൊലീസുകാർക്കിടയിൽ നിന്ന് ഉയരുന്ന ആരോപണം. എന്നാൽ, എസ്ഐ പിജെ വർഗീസ് മൂന്നാറിലെ കാലവസ്ഥ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പി. ജെ. വർഗീസിനെ അഞ്ചാം തവണയാണ് സ്ഥലം മാറ്റുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam