
സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുൻകൈയ്യെടുത്ത് നടത്തിയ നയതന്ത്രതല ചർച്ച പരാജയപ്പെട്ടു. റഷ്യ അടക്കം ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ചർച്ചയിൽ റഷ്യയുടെ എതിർപ്പിൽ ഒരു കരാറിൽ പോലും ധാരണയായില്ല. സിറിയയിലെ ഐഎസ് ശക്തി കേന്ദ്രമായ ദാബിഖിൽ വിമതർ മുന്നേറുന്നു.
സിറിയയിൽ അമേരിക്കയുടേയും റഷ്യയുടേയും മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് വീണ്ടുമൊരു ഉഭയകക്ഷി ചര്‍ച്ചക്ക് വേദിയൊരുങ്ങിയത്. അലപ്പോയില്‍ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്ക മുൻകൈയ്യെടുത്ത് സ്വിറ്റ്സർലാന്‍റിൽ നടത്തിയ ചർച്ചയിൽ റഷ്യ വിട്ടുവീഴ്ച്ചക്ക് തയ്യാറായില്ല.
റഷ്യക്ക് പുറമെ സൗദി അറേബ്യ,തുർക്കി,ഇറാൻ,ഇറാക്ക് അടക്കം ഒൻപത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വിളിച്ച് ചേർത്ത ചർച്ചയിൽ പങ്കെടുത്തു.പ്രധാന ചർച്ചക്ക് മുൻപ് നാൽപത് മിനിറ്റ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോയുമായി കെറി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിമതർക്ക് പിന്തുണ നൽകുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യങ്ങളുടെ പ്രതിനിധികളെ ഒന്നിച്ചിരുത്തി നടത്തിയ ചർച്ചയിൽ പരസ്യമായി അമേരിക്കൻ നിലപാടുകളെയും സിറിയൻ ഭരണകൂടത്തിനെതിരെ മറ്റ് രാജ്യങ്ങൾ നടത്തുന്ന നീക്കങ്ങളെയും റഷ്യ വിമർശിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ടു വെക്കാനില്ലെന്നും ലാവ്റോവ് വ്യക്തമാക്കി. ഇതോടെ ഒരു കരാറിൽ പോലും ധാരണയാകാതെ ചർച്ച പിരിഞ്ഞു.
യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലാവ്റോവ് ചർച്ചക്ക് മുന്നോടിയായി റഷ്യന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ സ്വിറ്റ്സർലാൻഡ് ചർച്ച പരാജയപ്പെടുമെന്നുറപ്പായിരുന്നു. സിറിയൻ പ്രശ്നത്തിൽ തിങ്കളാഴ്‍ച ലണ്ടനിൽ ചർച്ചകൾ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.
അതേസമയം സിറിയൻ നഗരമായ ദാബിഖിലേക്ക് തുർക്കിയുടെ പിന്തുണയുള്ള വിമതർ മുന്നേറുകയാണ്. സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങളിലൊന്നായ ദാബിഖിന് ചുറ്റുമുള്ള ഗ്രാമങ്ങൾ വിമതർ പിടിച്ചടക്കി. തുർക്കി സിറിയ അതിർത്തിയിലെ ദാബിഖ് ഐഎസ് സ്വാധീനമേഖലയുടെ കവാടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam