സിസ്റ്റർ അഭയ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jan 5, 2019, 7:55 AM IST
Highlights

സിസ്റ്റർ അഭയ കേസ് ഇന്ന് തിരുവനന്തപുരം സിബിഐ കോടതി പരിഗണിക്കും . ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരാണ് കേസിൽ പ്രതികള്‍.

 

കോട്ടയം: സിസ്റ്റർ അഭയ കേസ് ഇന്ന് തിരുവനന്തപുരം സിബിഐ കോടതി പരിഗണിക്കും . ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരാണ് കേസിൽ പ്രതികള്‍. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ കൂടുതൽ നടപടിയിലേക്ക് കോടതി കടക്കാനിടയില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലെനെ സിബിഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുകതനാക്കിയിരുന്നു.

1992 മാർച്ച് 27 ന് കേട്ടയത്ത് പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയര്‍ന്ന സംശയം തീപ്പൊരിയായി പടര്‍ന്നു. അഭയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത് കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയില്‍ നിലനിര്‍ത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 16 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ട് വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.

click me!