മാപ്പ് പറയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര; അച്ചടക്കം ലംഘിച്ചാൽ പുറത്താക്കുമെന്ന് സഭ

By Web TeamFirst Published Feb 16, 2019, 12:41 PM IST
Highlights

ഇനിയും അച്ചടക്കലംഘനം നടത്തിയാൽ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് എഫ്സിസി സുപ്പീരിയർ ജനറലിന്‍റെ മുന്നറിയിപ്പ്. എന്നാൽ മാപ്പുപറയാൻ ഒരുക്കമല്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു

വയനാട്: എഫ്സിസി സുപ്പീരിയർ ജനറലിന്‍റെ മൂന്നാമത്തെ കാരണം കാണിക്കൽ നോട്ടീസിനോടനുബന്ധിച്ച് മാപ്പ് പറയാനൊരുക്കമല്ലെന്ന് സിസ്റ്റ‍ർ ലൂസി കളപ്പുര. ഇനിയും അച്ചടക്കലംഘനം നടത്തിയാൽ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താകേണ്ടി വരുമെന്ന് പുതിയ കത്തിൽ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2019 ജനുവരി ഒന്നിന് സുപ്പീരിയർ ജനറൽ അയച്ച കത്തിൽ, നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സിസ്റ്റർ ലൂസി കളപ്പുരയോട് ആവശ്യപ്പെട്ടിരുന്നു. നേരിട്ട് കാണാനാവില്ലെന്ന് അറിയിച്ച് സിസ്റ്റർ ലൂസി നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് വീണ്ടും എഫ്സിസി സുപ്പീരിയർ ജനറൽ കത്തയച്ചിരിക്കുന്നത്.

സിസ്റ്റർ ലൂസി വ്യക്തിപരമായ ന്യായീകരണം നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് കത്തിൽ പറയുന്നു. സന്യാസിനി സമൂഹത്തിന്‍റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര അത് തന്‍റെ അവകാശമാണെന്ന് വാദിക്കുകയും ചെയ്യുന്നുണ്ടെന്ന്  കത്തിൽ പറയുന്നു. 

വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നേരത്തേ ഉന്നയിച്ച 11 ആരോപണങ്ങളാണ് വീണ്ടും കത്തിൽ അക്കമിട്ട് പറഞ്ഞിരിക്കുന്നത്.

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മനസ് മാറ്റി സന്യാസിനി സമൂഹത്തിന്‍റെ  നിയമാവലി അനുസരിച്ച് ജീവിക്കാൻ ഒരു അവസരം കൂടി നൽകുകയാണെന്നും കത്തിൽ പറയുന്നു. മാർച്ച് പത്തിനുള്ളിൽ തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കേണ്ടി വരുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ മാപ്പുപറയാനില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!