വിശ്വാസിസമൂഹത്തിന് മുന്നില്‍ പുണ്യ നക്ഷത്രമായി സിസ്റ്റര്‍ റാണി മരിയ

By Web DeskFirst Published Nov 4, 2017, 2:56 PM IST
Highlights

ഇന്‍ഡോര്‍ : കത്തോലിക്ക സഭയുടെ പുണ്യ നക്ഷത്രമായി സിസ്റ്റര്‍ റാണി മരിയ ഇനി വിശ്വാസിസമൂഹത്തിന് മുന്നില്‍ ജ്വലിച്ച് നില്‍ക്കും. അല്‍ഫോന്‍സാമ്മയ്ക്കും, ചാവറയച്ചനും,ഏവുപ്രാസ്യമ്മക്കും ശേഷം കേരള കത്തോലിക്കസഭയ്ക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് സിസ്റ്റര്‍ റാണിമരിയ. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരുന്നത്. എറണാകുളം പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലില്‍ പൈലി ഏലീശ്വ ദമ്പതിമാരുടെ ഏഴുമക്കളില്‍ രണ്ടാമത്തെ പുത്രിയായാണ് സിസ്റ്റര്‍ റാണി മരിയ. സഭാവസ്ത്ര സ്വീകരണത്തിന് ശേഷം എറണാകുളം പ്രൊവിന്‍സില്‍ നിന്ന് ഭോപ്പാല്‍ പ്രൊവിന്‍സിലേയ്ക്ക് ലഭിച്ച മാറ്റമായിരുന്നു സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം മാറ്റി മറിച്ചത്. 

പ്രേക്ഷിത ശുശ്രൂഷയ്ക്കൊപ്പം ജന്മിവാഴ്ചയ്ക്കും കര്‍ഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ ഉദയ് നഗറിലെ പാവപ്പെട്ട
കര്‍ഷകര്‍ക്കിടയിലായിരുന്നു സിസ്റ്റര്‍ റാണി മരിയയുടെ പ്രവര്‍ത്തനം. വര്‍ഷം തോറും കൃഷി ചെയ്യാന്‍ ജന്മിമാരില്‍ നിന്ന് കടം വാങ്ങുകയും ആ തുക
തിരിച്ച് നല്‍കാന്‍ കഴിയാതെ അവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ കര്‍ഷകര്‍ക്കിടയില്‍ സേവനമാരംഭിച്ചത്. 
വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും ഉദയ് പൂരിലെ
കര്‍ഷകരെ സിസ്റ്റര്‍ റാണി മരിയ പഠിപ്പിച്ചു. കര്‍ഷകരെ സ്വയം തൊഴിലില്‍ പ്രാവീണ്യമുളളവരാക്കാനും സിസ്റ്റര്‍ റാണി മരിയക്ക് സാധിച്ചു. ഒപ്പം
ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ച് പാവപ്പെട്ട കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനും സിസ്റ്റര്‍ റാണി മരിയ ശ്രദ്ധിച്ചു. 

ജന്മിമാരില്‍ നിന്ന് കടം വാങ്ങി കൃഷി ചെയ്തിരുന്ന കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചതോടെ സിസ്റ്റര്‍ റാണി മരിയ ജന്മിമാരുടെ
നോട്ടപ്പുള്ളിയായി. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ സിസ്റ്റര്‍ റാണി മരിയയെ  കൊലപ്പെടുത്താന്‍ വാടകഗുണ്ടയെ ഏര്‍പ്പാടാക്കി.
1995 ഫെബ്രുവരി 25ന് ഉദയ് നഗറില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാനുള്ള യാത്രയില്‍  സമുന്ദര്‍ സിങെന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ്
നാല്‍പ്പത്തിയൊന്നുകാരിയായ സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന സിസ്റ്റര്‍ റാണി മരിയയെ 54
തവണയാണ് അക്രമി കുത്തിയത്. പ്രതിഫലേച്ഛ കൂടാതെ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സിസ്റ്ററുടെ ജീവിതം നല്‍കിയ
സന്ദേശം. 

click me!