കോൺഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ല; പിബി നിലപാട് തള്ളി യെച്ചൂരി

By Web DeskFirst Published Oct 13, 2017, 10:01 AM IST
Highlights

ന്യൂഡല്‍ഹി: കോൺഗ്രസ് ബന്ധത്തിൽ പിബി നിലപാട് തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തില്‍ കോൺഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് യച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെയെന്നും അവസാന തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും യെച്ചൂരി വ്യക്തമാക്കി.

കോൺഗ്രസിനോടുള്ള സമീപനത്തിൽ രണ്ടു നിലപാടുകൾ നാളെ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് സീതാറാം യെച്ചൂരി പിബി നിർദ്ദേശം തള്ളി രംഗത്തുവരുന്നത്. കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പിനുള്ള സാധ്യത ആരായാനാണ് ബംഗാൾ ഘടകത്തിന്റെ നീക്കം.

നയത്തിൻറെ പേരിൽ രണ്ടു തട്ടിൽ നില്ക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിനാണ് നാളെ തുടക്കമാകുന്നത്. അതിന് മുമ്പ് പിബിയെ തള്ളി സിസിക്കാണ് പരാമാധികാരം എന്ന് സീതാറാം യെച്ചൂരി പറയുന്നത് താൻ പിബി തീരുമാനത്തിനൊപ്പമല്ല എന്ന സന്ദേശം നല്‍കാനാണ്. ജനറൽ സെക്രട്ടറി തന്നെ പിബി തീരുമാനത്തെ എതിർക്കുന്ന അസാധാരണ സാഹചര്യമാണ് പാർട്ടിക്കകത്തുള്ളത്. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്ന ബംഗാൾ ഘടകം അവസാനം വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. അന്ന് ബംഗാൾ നിലപാടിനെ അനുകൂലിച്ച് 29 പേരും എതിർത്ത് 50 പേരും വോട്ടു ചെയ്തു.

നിലവിലെ നയത്തിന് അനുസരിച്ച് എന്ത് തീരുമാനം വേണം എന്നതായിരുന്നു ചർച്ചയെന്നും ഇപ്പോൾ നയംമാറ്റം വേണോയെന്നതാണ് വിഷയമെന്നും യെച്ചൂരി പക്ഷം വാദിക്കുന്നു. അതിനാൽ പഴയ സഹാചര്യം ആവർത്തിക്കണമെന്നില്ല. നയംമാറ്റത്തിന്റെ കാര്യത്തിൽ വോട്ടെടുപ്പ് ബംഗാൾ നേതാക്കൾ ആവശ്യപ്പെടും. നാളെ തുടങ്ങുന്ന സിസിയിൽ പരാജയപ്പെട്ടാലും രാഷ്ട്രീയപ്രമേയ കരട് അന്തിമമായി പരിഗണിക്കുന്ന അടുത്ത സിസിയിലും യെച്ചൂരി പക്ഷം ശ്രമം തുടരും. അവിടെയും വിജയിച്ചില്ലെങ്കിൽ ബദൽരേഖ ഉൾപ്പടെ പാർട്ടി കോൺഗ്രസിൽ കൊണ്ടുവരാനുള്ള സാധ്യത ഇപ്പോൾ തള്ളാനാവില്ല.


 

click me!