മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; 6 സി പി എം പ്രവർത്തകർ കീഴടങ്ങി

By Web DeskFirst Published Aug 8, 2016, 6:00 PM IST
Highlights

കോട്ടയം: ഈരാറ്റുപേട്ട പത്താഴപ്പടി മുൻ ബ്രാഞ്ച് സെക്രട്ടറി നസീറിന്‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി.  ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി നവാസ്, പാർട്ടി പ്രവർത്തകരായ ജബ്ബാർ, സുബൈർ, ഫൈസൽ, അജ്മൽ, മൊഹമ്മദ് ഷാഫി, എന്നിവരാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതികൾ പാലാ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

കൊലക്കുറ്റം കൂടാതെ  സംഘം ചേർന്ന് ആക്രമിക്കുക, മർദ്ദിക്കുക, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സി പി എമ്മിനെതിരെ തയ്യാറാക്കിയ ലേഖനങ്ങളും നോട്ടീസുകളും അടങ്ങിയ സി ഡി നസീറിൽ നിന്ന് പിടിച്ചെടുക്കാനെത്തിയ പ്രതികൾ ആലോചിച്ചുറച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സി ഡി പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ ബലപ്രയോഗം നടന്നു. അതിനിടെ നസീറിന് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റു.

അതിശക്തമായി നിലത്തോ ഭിത്തിയിലോ തലയിടിപ്പിക്കുകയോ, കമ്പിവടിപോലുള്ള ആയുധങ്ങൾ കൊണ്ട് ശക്തമായി അടിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ വ്യക്തമായ ദൃക്സാക്ഷി മൊഴികളില്ലെന്നും പൊലീസ് പറയുന്നു . അതേ സമയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെയും നസീറിന്‍റെ മകൻ ഹുസൈൻ പൊലീസിന് പരാതി നല്‍കിയിരുന്നു .പൊലീസ് ഇയാളെ പ്രതി ചേര്‍ക്കുന്നില്ലെങ്കിൽ സ്വകാര്യ അന്യായം സമര്‍പ്പിക്കാനുള്ള ആലോചനയിലാണ് നസീറിന്‍റെ ബന്ധുക്കള്‍

click me!