Latest Videos

ബെര്‍ത്ത് റിസര്‍വ് ചെയ്തിട്ടും കാര്യമില്ല; തീവണ്ടിയിലെ ഉറക്കത്തിന് നിയന്ത്രണം

By Web DeskFirst Published Sep 18, 2017, 9:40 AM IST
Highlights

ദില്ലി: തീവണ്ടിയില്‍ കയറുമ്പോഴേക്കും കിടന്നുറങ്ങുന്ന ചില വിരുതന്മാരുണ്ട്. അവര്‍ക്ക് വേണ്ടി  റെയില്‍വേ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. തീവണ്ടിയിലെ ബെര്‍ത്ത് റിസര്‍വ് ചെയ്താലും യാത്രികരുടെ ഉറക്കസമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. ബെര്‍ത്തുകളില്‍ കിടന്നുറങ്ങാനുള്ള ഔദ്യോഗിക സമയം ഒരുമണിക്കൂര്‍ കുറച്ച് എട്ടുമണിക്കൂറാക്കിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സര്‍ക്കുലര്‍ അനുസരിച്ച് ഒരാള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ  ആറുവരെ കിടന്നുറങ്ങാം,ബാക്കിയുള്ള സമയം സഹയാത്രികര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറുവരെയായിരുന്നു നിലവിലുള്ള സമയം. അതേസമയം അസുഖബാധിതര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഇളവുകളുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മറ്റുള്ളവര്‍ സഹകരിക്കണമെന്ന് ആഗസ്റ്റ് 31ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. 

 ഉറങ്ങാന്‍ അനുവദിക്കുന്ന എല്ലാ റിസര്‍വേഷന്‍ കോച്ചുകളിലും ഈ നിയമം ബാധകമാണെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. നേരത്തെ ഉറക്കസമയവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.  സൈഡ് അപ്പര്‍ ബെര്‍ത്ത് ബുക്ക് ചെയ്തിരിക്കുന്ന ഒരു യാത്രികന് ഉറക്കസമയത്തിനിടയ്ക്ക് ലോവര്‍ ബെര്‍ത്തിലെ സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ അനുവാദമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. യാത്രകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രാവലിംഗ്  ടിക്കറ്റ് എക്‌സാമിനറെ (ടിടിഇ) സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

click me!