ഇടുക്കി: ഷട്ടറുകൾ രാത്രിയും താഴ്ത്തില്ല, പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

By Web TeamFirst Published Aug 10, 2018, 7:15 PM IST
Highlights

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. ആദ്യമായിട്ടാണ് ജല നിരപ്പ് കുറയുന്നത്. അതേസമയം ജലപ്രവാഹം എറണാകുളത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  പെരിയാറിന്‍റെ തീരപ്രദേശമായ  കാലടിയിൽ ജലനിരപ്പ് ഉയർന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. രണ്ടു മണിക്കൂർ സമയം കൊണ്ട് ജലനിരപ്പിൽ  0.08 അടിയുടെ കുറവാണ് ഉണ്ടായത്. 2401.68 അടി നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഷട്ടര്‍ തുറന്നതിന് ശേഷം ഇത് ആദ്യമായിട്ടാണ് ജല നിരപ്പ് കുറയുന്നത്. നിലവില്‍ സെക്കന്‍റില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. 

അതേസമയം ലോവ‍ർ പെരിയാറും ഭൂതത്താൻകെട്ടും പിന്നിട്ട് ജലപ്രവാഹം എറണാകുളം ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു. കാലടിയിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയതാണ് ഒടുവിലത്തെ റിപ്പോർട്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയാകുന്നതുവരെ ഷട്ടറുകൾ തുറന്നുവയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഇന്ന് രാത്രി മുഴുവന്‍ സെക്കന്‍റിൽ 750 ഘനമീറ്റർ എന്ന തോതിൽ വെള്ളം അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ അളവിൽ വെള്ളം തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നത്. പെരിയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാനിർദ്ദേശം തുടരുകയാണ്. രാത്രി ഉയര്‍ന്ന അളവില്‍ വെള്ളം ഒഴുകി എത്താനിടയുള്ളതു കൊണ്ട് ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുകയാണ് എന്നാല്‍, പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ്  ഉയര്‍ത്തിയതോടെയാണ് ജലനിരപ്പില്‍ കുറവുണ്ടായത്. ചെറുതോണി പാലം ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. തടിയമ്പാട് ചപ്പാത്തുകൾ തകർന്ന് 20 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചു. 

എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴ ഇപ്പോഴും ഇടുക്കിയിൽ തുടരുകയാണ്. അണക്കെട്ട് നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്‍റെ  മുഴുവന്‍ ഷട്ടറുകളും തുറന്നത്.  അടിയന്തരസാഹചര്യം കണക്കിലെടുത്ത് തൃശൂർ, എറണാകുളം ജില്ലയിലെ പെരിയാറിന്‍റെ തീരപ്രദേശങ്ങളും അതീവജാഗ്രതയിലാണ്. ഇരുകരകളിലേയും വൻവൃക്ഷങ്ങളെ കടപുഴക്കി ഉഗ്രരൂപിയായി പെരിയാർ കരകവിഞ്ഞ് ഒഴുകുന്നു.

ദൃശ്യങ്ങള്‍ കാണാം...

തത്സമയ ദൃശ്യങ്ങള്‍...


പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. ഇത് ഏതാണ്ട് പൂർത്തിയായി വരുന്നു. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിച്ചിട്ടുണ്ട്. ലോവർ പെരിയാറും ഭൂതത്താൻകെട്ടും പിന്നിട്ട് വലിയ ജലപ്രവാഹം എറണാകുളം ജില്ലയിൽ എത്തുമെന്നാണ് നിഗമനം. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ എറണാകുളം ജില്ല സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതുകൊണ്ട് ഇതുവരെ ആളപായമോ മറ്റപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വലിയ അളവിൽ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിൽ വീണ്ടും വെള്ളം ഉയരുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്, മരങ്ങൾ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളിൽ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ രണ്ട് ബെറ്റാലിയൻ ചെറുതോണിയിൽ എത്തിയിട്ടുണ്ട്. പൊലീസും അഗ്നിരക്ഷാ സേനയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സുസജ്ജരായി തുടരുന്നു. പെരിയാറിന്‍റെ തീരത്തുനിന്ന് മുന്നൂറു മീറ്റർ അകലം വരെ ആരെയും പ്രവേശിപ്പിക്കുന്നില്ല.

വിനോദ സഞ്ചാരികളേയും വലിയ വാഹനങ്ങളേയും ഇടുക്കിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വെള്ളം ഉയരുന്നത് കാണാനെത്തുന്നവരേയും പുഴയോരത്തുനിന്ന് സെൽഫികൾ പകർത്താൻ ശ്രമിക്കുന്നവരേയും പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മീൻ പിടിക്കാൻ ശ്രമിക്കുന്നവരേയും തടയുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

click me!