കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

Published : Jul 11, 2017, 12:20 PM ISTUpdated : Oct 04, 2018, 08:07 PM IST
കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

Synopsis

ദില്ലി: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ. വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതി നൽകിയ സ്റ്റേ രാജ്യവ്യാപകമാക്കി സുപ്രീംകോടതി ഉത്തരവിറക്കി. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ നിലവിലെ വിജ്ഞപാനം ഭേദഗതി ചെയ്ത് പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഉറപ്പുനൽകി.

രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ മെയ് 23നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ മദ്രാസ് ഹൈക്കോടതി മെയ് 30ന് വിജ്ഞാപനം സ്റ്റേ ചെയ്തു. ഇതോടൊപ്പമാണ് വിജ്ഞാപനം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിലും എത്തിയത്. 

കശാപ്പുനിരോധനം നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിനിടയിൽ തന്നെ അവ്യക്തതകളുണ്ടെന്ന് ഓൾ ഇന്ത്യ ജമിയത്തുൾ ഖുറേഷ് ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ മുന്നോട്ടുവെക്കുന്ന വാദങ്ങൾ സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും നിലവിലെ വിജ്ഞാപനത്തിൽ മാറ്റംവരുത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനിടെ അഡീഷണൽ സോളിസിറ്റര്‍ ജനറൽ പി.എസ്.നരസിംഹ കോടതിയെ അറിയിച്ചു. 

ഓഗസ്റ്റ് 30നകം തന്നെ പുതിയ വിജ്ഞാപനം ഇറങ്ങും. കാലിചന്തകൾ കണ്ടെത്തി വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങൾക്ക് മൂന്നുമാസത്തിലധികം സമയമുണ്ട്. തത്വത്തിൽ വിജ്ഞാപനം തിടുക്കത്തിൽ നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പ് അംഗീകരിച്ച് കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. 

ഓഗസ്റ്റ് 30നകം കേന്ദ്രം ഇറക്കുന്ന പുതിയ വിജ്ഞാപനത്തിൽ എതിര്‍പ്പുള്ളവര്‍ക്ക് ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന്  ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവിൽ വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് വീണ്ടും സ്റ്റേ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ല. പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ രാജ്യവ്യാപകമാക്കി സുപ്രീംകോടതി ഉത്തരവിറക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി