
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്ന ദിവസം താനും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഒഴിയുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പൂനെയിൽ വേര്‍ഡ് കൗണ്ട് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവർ. മോദി ഇനിയും ഭരിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
എന്നാണ് താങ്കളെ പ്രധാൻ സേവകയായി കാണാൻ സാധിക്കുക എന്ന് സദസില്‍ നിന്നും ചോദിച്ചപ്പോൾ 'ഒരിക്കലുമില്ല,ഞാൻ രാഷ്ട്രീയത്തിൽ എത്തിയത് നേതാവാകാനല്ല. മറിച്ച് മികച്ച നേതാക്കളുടെ കീഴിൽ ജോലി ചെയ്യാനാണ്. മുൻപ് അടൽ ബിഹാരി വാജ്പേയിയുടെ കീഴിലും ഇപ്പോൾ നരേന്ദ്രമേദിയുടെ കീഴിലും പ്രവർത്തിക്കാൻ സാധിച്ചുവെന്നത് എന്റെ ഭാഗ്യമാണ്. നരേന്ദ്രമോദി എന്നാണോ പ്രധാൻ സേവക് പദവി ഒഴിയുന്നത് ആ ദിവസം ഞാൻ രാഷ്ട്രീയത്തിൽ നിന്നും പിന്മാറും' എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.
ഇനിയും ദീർഘകാലം നരേന്ദ്രമോദി ആ സ്ഥാനത്ത് തുടരുമെന്നും അവർ കുട്ടിച്ചേർത്തു. മോദിയല്ലാതെ മറ്റാരുടെ കീഴില്‍ ജോലി ചെയ്യാനാണ് താല്പര്യമെന്ന ചോദ്യത്തിന് ഇപ്പോൾ രാജ്‌നാഥ് സിങ്ങിനും, നിതിന്‍ ഗഡ്കരിക്കുമൊക്കെ കീഴിലാണല്ലോ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു മറുപടി.
പ്രമുഖ മാധ്യമപ്രവർത്തകരുടെയും പ്രതിപക്ഷനേതാക്കളുടെയും ട്രേളുകൾക്ക് ഇരയായ വളരെ ചുരുക്കമാളുകളില്‍ ഒരാളാണ് താനെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളില്‍ തനിക്ക് ആരാധന തോന്നിയ നേതാക്കളാണ് സുഷമാ സ്വരാജും സുമിത്രാ മഹാജനെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ അമേഠിയിൽ നിന്നും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam