
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് പ്രഖ്യാപിച്ചതോടെ യോഗം അണികളുടെ വോട്ടുകളില്‍ അവകാശം ഉന്നയിച്ച് മൂന്ന് മുന്നണികളും രംഗത്ത്.
വെള്ളാപ്പള്ളി സമദൂരനിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ കൊടിയേരി ബാലകൃഷ്ണന്‍ എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂണിയൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. യൂണിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം, കൺവീനർ സുനിൽ വള്ളിയിൽ എന്നിവരുമായിട്ടായിരുന്നു കൊടിയേരിയുടെ കൂടിക്കാഴ്ച. സിപിഎം നേതാക്കളായ എം.വി. ഗോവിന്ദൻ, ആർ. നാസർ എന്നിവരും കോടിയേരിക്കൊപ്പം യൂണിയന്‍ ഭാരവാഹികളെ കണ്ടു.
എസ്.എൻ.ഡി.പിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതുഅനുകൂല നിലപാടുള്ളവരാണ് എസ്.എൻ.ഡി.പിയുടെ അണികളെന്നും ഇവർ സ്വതന്ത്ര നിലപാട് സ്വീകരിച്ചാൽ പ്രയോജനം കിട്ടുക എല്‍ഡിഎഫിനായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പി നിലപാട് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശനും അവകാശപ്പെട്ടു. കഴിഞ്ഞ തവണ എൻഡിഎക്ക് ചോർന്ന വോട്ട് ഇത്തവണ തിരിച്ച് കിട്ടുമെന്നും സതീശൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
എസ്.എന്‍.ഡി.പിയുടെ സമദൂര നിലപാട് സ്വാഗതം ചെയ്യുന്നതായി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു. എസ്എന്‍ഡിപി അണികള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്നും ഈഴവ സമൂദായത്തോടൊപ്പം നിന്ന മുന്നണിയാണ് എൻഡിഎയെന്നും കുമ്മനം അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam