ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടില്ല. ജയശ്രീയുടെ ഒപ്പ് അടക്കം ശേഖരിച്ചെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചു.

ദില്ലി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കസ്റ്റഡി അനിവാര്യമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കാത്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ കേസ് എടുത്തപ്പോൾ എസ്ഐടിയോട് സംസാരിച്ച് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാർ അഭിഭാഷകന് കോടതി നിർദ്ദേശം നല്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ എസ് ജയശ്രീയുടെ സാമ്പിൾ ഒപ്പ് അടക്കം ശേഖരിച്ചു എന്ന് സംസ്ഥാനം പിന്നീട് അറിയിച്ചു. ആവശ്യമുള്ളപ്പോൾ എസ്ഐടിക്കു മുമ്പാകെ ഹാജരാകണം എന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം നല്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

അറസ്റ്റു തടഞ്ഞ് ജയശ്രീക്ക് പ്രത്യേക ആനുകൂല്യമാണ് ഈ കേസിൽ നല്കിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീ എന്ന പരിഗണനയാണ് നല്കിയതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോർഡിൽ എൽഡി ക്ലർക്ക് ആയി കയറി സെക്രട്ടറിയായ ജയശ്രീക്ക് ശബരിമലയിലേത് സ്വർണ്ണ പാളിയാണോ ചെമ്പ് പാളിയാണോ എന്നത് അറിയില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

ശബരിമല കട്ടിളപാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്.

സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ജയിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം. 

YouTube video player