കാസർകോട് ഇരട്ടക്കൊലപാതകം അതിദാരുണമെന്ന് ദയാബായി

By Web TeamFirst Published Feb 19, 2019, 4:36 PM IST
Highlights

കേരളത്തിൽ മാനുഷിക മൂല്യങ്ങൾ തകർന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്നും ദയാബായി ആലുവയിൽ പറഞ്ഞു.
 

കാസർകോട്:കാസർകോട് പെരിയയിൽ രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സാമൂഹ്യ പ്രവർത്തക ദയാബായി. കാസർകോട് നടന്നത് അതിദാരുണമായ കൊലപാതകമാണ്. ഒരാളെ 18 വെട്ട് വെട്ടി കൊലപ്പെടുത്താൻ  ഏങ്ങനെ കഴിയുന്നുവെന്നും ദയാബായി ചോദിച്ചു.

രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ വെറുപ്പ് വളർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാ പാർട്ടികൾക്കും കൊലപാതകങ്ങളിൽ ഉത്തരവാദിത്തവുമുണ്ട്. കേരളത്തിൽ മാനുഷിക മൂല്യങ്ങൾ തകർന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്നും ദയാബായി ആലുവയിൽ പറഞ്ഞു.

ഫെബ്രുവരി 17നാണ്  പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ കൃപേഷും, ശരത് ലാൽ എന്ന ജോഷിയും കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം ഇവരെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിലാണ്  ശ്യാംലാലും കൃപേഷും കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇൻക്വസ്റ്റ് റിപ്പോർട്ട്.

കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോർട്ട്. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിരുന്നു. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്‍ലാലിന് ഏറ്റിരുന്നു. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിൽ മാരകമായ മുറിവുകളാണ് ശരത് ലാലിന്‍റെ കാലുകളിൽ ഉണ്ടായിരുന്നത്..  

കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്‍റീമീറ്റർ നീളത്തിലും രണ്ട് സെന്‍റീമീറ്റർ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകർന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്‍ലാൽ മരിച്ചത്.

കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിപിഎം പ്രാദേശിക നേതൃത്വം കണ്ണൂരിൽ നിന്നുള്ള ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. 

click me!