ശബരിമലയില്‍ പോകാൻ മാലയിട്ട സ്ത്രീകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണവും ഭീഷണികളും

By Web TeamFirst Published Oct 17, 2018, 3:10 PM IST
Highlights

ഇവരുടെ ചിത്രങ്ങളും ഇവരുടെ കുടുംബാംഗങ്ങളുടെ ചിത്രവും ഉള്‍പ്പെടെയാണ് അശ്ലീല പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇതിന് പുറമെ ശബരിമലയില്‍ ഇവര്‍ കാല് കുത്തിയാല്‍ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണികളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് തിരിക്കാനായി മാലയിട്ട സ്ത്രീകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണവും ഭീഷണികളും. മാലയിട്ട കാര്യം ഫേസ്ബുക്ക് സുഹൃത്തുക്കളെ അറിയിക്കുന്നതിനായി പോസ്റ്റ് ചെയ്തവര്‍ക്കെതിരെയാണ് പരസ്യമായ അസഭ്യം വിളികളും ഭീഷണികളും ഉയരുന്നത്. 

മാലയിട്ട വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്, ചേര്‍ത്തല സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമായ ലിബി സി.എസ്, കോഴിക്കോട് സ്വദേശിനി സൂര്യ ദേവാര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്. ഇവരുടെ ചിത്രങ്ങളും ഇവരുടെ കുടുംബാംഗങ്ങളുടെ ചിത്രവും ഉള്‍പ്പെടെയാണ് അശ്ലീല പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇതിന് പുറമെ ശബരിമലയില്‍ ഇവര്‍ കാല് കുത്തിയാല്‍ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണികളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്. 

ഫേസ്ബുക്ക് പേജുകള്‍ക്ക് പുറമെ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും ഇവര്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങളും ഭീഷണികളും വരുന്നുണ്ട്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം ശക്തമായതോടെയാണ് സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളും ശക്തമായത്. 

ഇതിനിടെ ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത വിവരം അറിയിച്ചതിന് പിന്നാലെ സൂര്യ ദേവാര്‍ച്ചനയെ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. ഇവരെ താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ വന്ന് ഒരു സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധങ്ങള്‍ക്കിടെ കൂടുതല്‍ സ്ത്രീകള്‍ മാലയിട്ട വിവരം പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയായ ധന്യ വിജയനാണ് ഏറ്റവുമൊടുവില്‍ മാലയിട്ട വിവരം പരസ്യമായി പ്രഖ്യാപിച്ചത്. അതേസമയം പ്രതിഷേധവും ഭീഷണികളും ഭയന്ന് പല സ്ത്രീകളും മാലയിട്ട വിവരം തുറന്നുപറയുന്നില്ലെന്ന സൂചനയുമുണ്ട്. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ വലിയൊരു വിഭാഗം മല ചവിട്ടാനൊരുങ്ങി, മാലയിടുന്ന സ്ത്രീകൾക്ക് പ്രചോദനവും പിന്തണയുമായി രംഗത്തുണ്ട്.
 

click me!