വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത കേസ് ; സോളാർ കേസിൽ വിധി ഇന്ന്

By Web TeamFirst Published Dec 28, 2018, 7:10 AM IST
Highlights

വ്യവസായി ആയ ടി സി മാത്യുവിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഇന്ന് വിധി പറയും. സരിത നായരെയും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന് കോടതി വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. 

തിരുവനന്തപുരം: സോളാർ കേസിന് ഇന്ന് നിർണായകം. വ്യവസായിയായ ടി സി മാത്യുവിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഇന്ന് വിധി പറയും. സരിത നായരെയും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന് കോടതി വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. 

ഗാർഹികാവശ്യത്തിനായുള്ള സോളർ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ വിതരണാവകാശം വാഗ്ദാനം ചെയ്തു വ്യവസായിയായ ടി സി മാത്യുവിൽ നിന്നും ഒന്നരകോടി രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 

കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും. 2009 ലാണ് സംഭവം. പ്രതികളുടെ സ്ഥാപനമായ ഐസിഎംഎസ് പവർ ആൻഡ് കണക്ടിന്റെ പേരിലാണു ചെക്ക് നൽകിയതെന്നു സാക്ഷി മൊഴി നൽകി. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. തട്ടിപ്പിന് ഇരയായ ടി സി മാത്യു നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയാണ് കേസെടുത്തത്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇതുപോലെ മറ്റൊരു കേസ് കണ്ടെത്താന്‍ കഴിയില്ല. ടീം സോളാര്‍ എന്ന അംഗീകാരം പോലും ഇല്ലാത്ത കമ്പനി സ‍ൌരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നതെ ആരോപണം കേസിനെ വിവാദങ്ങളുടെ തോഴനാക്കി. 

ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്‍ അറസ്റ്റിലായി. മറ്റൊരു സ്റ്റാഫ് ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ് എന്നിവര്‍ക്കുനേരെയും ആരോപണമുയര്‍ന്നു. സോളാറിന്‍റെ പേരില്‍ പണം തട്ടിയെന്നാരോപിച്ച് ശ്രീധരന്‍ നായര്‍ കൊടുത്ത പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നത് ഏറെ വിവാദങ്ങളാണ് ഉയര്‍ത്തിയത്. 
 

click me!