സോളാര്‍ അന്വേഷണം; പൊലീസ് ആസ്ഥാനം തന്നെ പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചേക്കും

By Web DeskFirst Published Nov 11, 2017, 6:46 AM IST
Highlights

തിരുവനന്തപുരം: സോളാർ കേസിലെ തുടരന്വേഷണത്തിന് അപൂർവ്വ നടപടികൾ.പൊലീസ് ആസ്ഥാനം തന്നെ പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്താകും അന്വേഷണം. പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതും പൊലീസ് ആസ്ഥാനത്താകും.

സർക്കാർ രൂപീകരിച്ച പുതിയ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ  പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്രകശ്യപാണ്. ഐജി ഇരിക്കുന്ന സ്ഥലം തന്നെ പൊലീസ് സ്റ്റേഷനാക്കി വിജ്ഞാപനമിറക്കി അന്വേഷിക്കാനാണ് സർക്കാർ തീരുമാനം. പുതിയ കേസുകളുണ്ടെങ്കില്‍ രജിസ്റ്റർ ചെയ്യുന്നതും പൊലീസ് ആസ്ഥാനത്ത് തന്നെ.   ലോക്കൽ പൊലീസിൽ നിന്നും ക്രൈം ബ്രാഞ്ചിൽ നിന്നുമാണ് സാധാരണ നിലയിൽ കേസുകൾ പ്രത്യേക സംഘത്തിന് കൈമാറുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി സോളാറിലെ നടപടികൾ. ഇതാദ്യമായാണ് പൊലീസ് ആസ്ഥാനം സ്റ്റേഷനാക്കി വിജ്ഞാപനം ഇറക്കുന്നത്. സോളാർ കേസുകള്‍ക്ക് മാത്രമായിരിക്കും വിജ്ഞാപനം ബാധമാവുക.

വിജിലൻസ് കേസുകളും ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യാമെന്ന് വിജ്ഞാപനത്തിലുണ്ടാകും. അതേ സമയം പൊലീസ് ആസ്ഥാനംതന്നെ സ്റ്റേഷനാക്കി മാറ്റുന്നത് പ്രത്യേക സംഘത്തിന് മേൽ ഡിജിപിയുടെ മേൽനോട്ടമുണ്ടാക്കാനാണെന്ന് ആക്ഷേപം സേനക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻറെ ചുമതല നൽകുന്നതിൽ നേരെത്ത തന്നെ ഡിജിപി ലോകനാഥ് ബെഹ്റക്ക് അതൃപ്തിയുണ്ടായിരുന്നവെന്നാണ് സൂചന.

മുൻ അന്വേഷണ സംഘത്തിനെതിരായ അന്വേഷണവും സാമ്പത്തിക തിരിമറിയും അന്വേഷിക്കുന്നതിനാൽ വിജിലൻസ് മേധാവി കൂടിയായ താൻ മേൽനോട്ടമേറ്റെടുക്കാമെന്ന് ഒരു ഘട്ടത്തിൽ ബെഹ്റ  ആവശ്യപ്പെട്ടതായും വിവരമുണ്ട്. ബെഹ്റയുടെ അതൃപ്തി മാറ്റാൻ കൂടിയാണ് പൊലീസ് ആസ്ഥാനം സ്റ്റേഷനാക്കിയുള്ള വിജ്ഞാപനം.

click me!