
വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ അമേരിക്കയിലെത്തി. ഖഷോഗിയുടെ മൂത്ത മകനായ സലാഹ് ബിന്‍ ഖഷോഗിയാണ് പിതാവിന്റെ മരണം സ്ഥിരീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബസമേതം അമേരിക്കയിലെത്തിയിരിക്കുന്നത്.
നേരത്തെ സലാഹിന് സൗദി വിടാന്‍ അനുമതിയുണ്ടായിരുന്നില്ല. സലാഹിന് വേണ്ടി അനുമതി തേടി യുഎസ് സൗദിയെ സമീപിച്ചിരുന്നു. ഇതിന് ശേഷമാണ് രാജ്യം വിടാന്‍ സലാഹിന് സൗദി സമ്മതം നല്‍കിയത്. എന്നാല്‍ യു.എസ് സമ്മര്‍ദ്ദമാണോ തീരുമാനത്തിന് പിന്നിലെന്ന കാര്യം സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം സൗദിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി അമേരിക്ക അറിയിച്ചു.
ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് യുഎസ് സൗദിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നത്. കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൗദി കുറ്റസമ്മതം നടത്തും മുമ്പ് തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ഖഷോഗിയുടെ മരണം സൗദി സ്ഥിരീകരിച്ച സമയത്ത് രൂക്ഷമായ ഭാഷയിലാണ് ട്രംപ് സൗദിക്കെതിരെ ആഞ്ഞടിച്ചത്.
ചരിത്രത്തില്‍ തന്നെ ഏറ്റവും നീചമായ രീതിയിലാണ് സൗദി കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഖഷോഗിയുടെ കൊലപാതകത്തോടെ സൗദി വലിയ പ്രതിസന്ധിയില്‍ എത്തിപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താംബൂളിലെ സൗദി കോണ്‍സുല്‍ ജനറലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. എന്നാല്‍ തുര്‍ക്കി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam