വാജ്പേയിയും മോദിയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് സോണിയ

By Web DeskFirst Published Mar 9, 2018, 3:17 PM IST
Highlights

വിയോജിപ്പിനും സംവാദത്തിനുമുള്ള ഇടമാണ് ജനാധിപത്യം നല്‍കുന്നത്. അല്ലാതെ ആത്മഗതതത്തിന് മാത്രമുള്ളതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു

ദില്ലി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു സോണിയ ബിജെപിയുടെ രണ്ട് നേതാക്കളെ തമ്മില്‍ താരതമ്യം ചെയ്തതത്. വാജ്പേയിയുടെ ഏറ്റവും വലിയ ഗുണം അദ്ദേഹത്തിന് പാര്‍ലമെന്ററി നടപടിക്രമങ്ങളോട് വലിയ ആദരവുണ്ടായിരുന്നു എന്നതാണെന്ന് സോണിയ പറഞ്ഞു.

വിയോജിപ്പിനും സംവാദത്തിനുമുള്ള ഇടമാണ് ജനാധിപത്യം നല്‍കുന്നത്. അല്ലാതെ ആത്മഗതതത്തിന് മാത്രമുള്ളതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തെ ഇകഴ്ത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയും സോണിയ തുറന്നടിച്ചു. 2014ന് മുമ്പ് രാജ്യം ഇരുട്ടിലായിരുന്നു എന്നാണോ അവര്‍ പറയുന്നത്. 2014നുശേഷം രാജ്യം സമ്പദ് സമൃദ്ധിയിലേക്ക് എത്തിയോ. സാധാരണക്കാരുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്നതാണ് ഇത്തരം അവകാശവാദങ്ങള്‍.

നേതാവെന്ന നിലയില്‍ തന്റെ പരിമിതികളെക്കുറിച്ചും സോണിയ തുറന്നുപറഞ്ഞു. നേതാവെന്ന നിലയില്‍ താന്‍ ഒരു സ്വാഭാവിക പ്രാസംഗിക അല്ലെന്ന് പറഞ്ഞ സോണിയ പ്രസംഗം നോക്കി വായിക്കുന്ന ആളെന്ന നിലയില്‍ ലീഡര്‍ എന്നു പറയുന്നതിനേക്കാള്‍ റീഡര്‍ എന്ന പേരാണ് തനിക്ക് ചേരുകയെന്നും സോണിയ പറഞ്ഞു. തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിയാരിക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്നും സോണിയ പറഞ്ഞു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ മറികടക്കുന്നതിനും ജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുമായി പുതിയ ശൈലികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.

click me!