ഗായകന്‍ സോനു നിഗം ട്വിറ്റര്‍ ഉപേക്ഷിച്ചു

By Web DeskFirst Published May 24, 2017, 2:07 PM IST
Highlights

ന്യൂഡല്‍ഹി: ബോളിവുഡ് ഗായകൻ സോനു നിഗം ട്വിറ്റർ വിട്ടു. ട്വിറ്ററിൽ അഭിപ്രായസ്വാതന്ത്രം ഇല്ലെന്ന് ആരോപിച്ച സോനു നിഗം അശ്ളീല പോസ്റ്റിട്ട ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത ട്വിറ്ററിനെ വിമർശിച്ചു. ദേശസ്നേഹവും മനുഷ്യസ്നേഹവും വിവേകവുമുള്ള തന്റെ 65 ലക്ഷം വരുന്ന ഫോളോവേഴ്സ് ട്വിറ്റർ ഉപേക്ഷിക്കണമെന്നും സോനു അഭ്യർത്ഥിച്ചു.

സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പാട്ടുകാരുമൊക്കെ അഭിപ്രായം പറയാൻ ട്വിറ്ററിനെ മാത്രം ആശ്രയിക്കുന്ന കാലത്താണ് സോനു നിഗം ട്വിറ്ററിനോട് വിട പറയുന്നത്. എന്തുകൊണ്ട് ട്വിറ്റർ വിടുന്നു എന്നു വിശദീകരുക്കുന്ന 24 ട്വീറ്റുകളും താരം പോസ്റ്റ് ചെയ്തു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ അശ്ളീല കമന്റിന്റെ പേരിൽ ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തതിനെ സോനു വിമർശിച്ചു. ചില ബിജെപി നേതാക്കാൾ സെക്സ് റാക്കറ്റിൽ കണ്ണികളാണെന്നു പറഞ്ഞ ജെഎൻയു വിദ്യാർത്ഥി ഷെഹലാ റാഷിദിനെതിരെയായിരുന്നു അഭിജിത് ഭട്ടാചാര്യ അശ്ളീല പോസ്റ്റിറ്റട്ടത്. കശ്മീരിൽ പട്ടാളക്കാരുടെ ജീപ്പിന്റെ ബോണറ്റിൽ അരുദ്ധതി റോയിയെ ആയിരുന്നു കെട്ടിവെക്കേണ്ടത് എന്നു ട്വീറ്റ് ചെയ്ത നടൻ പരേഷ് റാവലിനെയും സോനു ന്യായീകരിച്ചു.

ട്വിറ്ററിൽ വിദ്വേഷ പ്രചരണം നടക്കുകയാണെന്നും ജനാധിപത്യ ഇടം ഇല്ലാത്തതിനാലാണ് ട്വിറ്റർ ഉപേക്ഷിക്കുന്നതെന്നും സോനു നിഗം പറഞ്ഞു. ദേശസ്നേഹവും മനുഷ്യസ്നേഹവും വിവേകവുമുള്ള തന്റെ ഫോളോവേഴ്സും ട്വിറ്റർ ഉപേക്ഷിക്കമെന്നും സോനു അഭ്യർത്ഥിച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ സോനു നിഗം നടത്തിയ പരാമർശം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. സോനുവിന്റെ തലയറുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച മതപുരോഹിതന് സ്വയം തലമുണ്ഡനം ചെയ്തായിരുന്നു അന്ന് താരം മറുപടി കൊടുത്തത്.

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‍തതിനെ തുടര്‍ന്നാണ് ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‍തത് . ജെ എന്‍ യു വിദ്യാര്‍ഥി ശഹല റാഷിദിന്‍റെ പരാതിയെ തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

രണ്ടു മണിക്കൂര്‍ നേരത്തേക്ക് പണം വാങ്ങി ഉപഭോക്താവിനെ തൃപ്തിപ്പെടുത്തിപ്പെടുത്തുന്നില്ലെന്നൊരു കേട്ടു കേള്‍വിയുണ്ടെന്നായിരുന്നു ശഹലക്കെതിരായ അഭിജിത്തിന്‍റെ ട്വീറ്റ്. തുടര്‍ന്ന് ശഹല ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ശഹലക്ക് പിന്തുണയുമായി അരുന്ധതി റോയിയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, താനും പരേഷ് റാവലും അരുന്ധതിക്കെതിരെ ട്വീറ്റ് ചെയ്തതാണ് പ്രകോപനത്തിന് പിന്നിലെന്ന് അഭിജിത് പ്രതികരിച്ചു. നേരത്തെയും വിവാദ ട്വീറ്റുകളുടേയും പ്രസ്താവനകളുടേയും പേരില്‍ അഭിജിത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

click me!