തെക്കൻ ചൈനാക്കടലിൽ വീണ്ടും അവകാശവാദമുന്നയിച്ച് ചൈന

By Web DeskFirst Published Jul 20, 2016, 4:04 AM IST
Highlights

ബീജിംഗ്: തെക്കൻ ചൈനാക്കടലിൽ വീണ്ടും അവകാശവാദമുന്നയിച്ച് ചൈന. ദ്വീപകളുടെ പരമാധികാരം ചൈനയ്ക്ക് തന്നെയാണെന്ന് ബ്രിട്ടണിലെ ചൈനീസ് സ്ഥാനപതി വ്യക്തമാക്കി. തെക്കൻ ചൈനാക്കടലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അന്താരാഷ്ട്ര ട്രൈബ്യൂണൽ ചൈനയ്ക്കെതിരായി കഴിഞ്ഞയാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു.

പതിറ്റാണ്ടുകളായി തെക്കൻ ചൈനാക്കടലിലെ ദ്വീപുകൾ ചൈന കൈവശം വയ്ക്കുന്നതിനെതിരെ സമീപ രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായിരുന്നു. ഈ മാസം 12-ആം തിയ്യതി കേസിലെ എതിർകക്ഷിയായ ഫിലിപ്പൈൻസിന് അനുകൂലമായി ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചു.ഈ പശ്ചാത്തലത്തിലാണ് ലണ്ടനിലെ ചൈനീസ് എംബസിയിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെ ചൈനീസ് സ്ഥാനപതി ലി സിയോമിംഗ് ട്രൈബ്യൂണൽ വിധിക്കെതിരെ നിലപാട് വ്യക്തമാക്കിയത്.

ദ്വീപുകൾ കൈവശം വയ്ക്കുന്നതിൽ ചൈന നിയമം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ ലി അധികാരം സംബന്ധിച്ച് ഒരു നിർദ്ദേശവും അംഗീകരിക്കില്ലെന്നും  വ്യക്തമാക്കി. ചരിത്രപരമായ വസ്തുത കണക്കിലെടുത്ത് പ്രദേശത്തെ സുരക്ഷയും സമാധാനവും ഉറപ്പു വരുത്താൻ ചൈന പ്രതിജ്ഞാബന്ധമാണെന്നും ലി അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ ഇടപെടൽ ഉണ്ടാകുമെന്ന ആശങ്ക ചൈനയ്ക്കുള്ളതിനാൽ  തർക്കരാജ്യങ്ങളുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. വിധി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ ട്രൈബ്യൂണലിന് സംവിധാനമില്ലാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിൽ  തർ‍ക്കം തുടരാനാണ് സാധ്യത.

 

click me!