കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

By Web DeskFirst Published Apr 10, 2018, 10:03 PM IST
Highlights

2011ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കണക്കാക്കുന്നതടക്കം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നയങ്ങള്‍ക്കെതിരെയായിരുന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ.

തിരുവനന്തപുരം: ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ മറയാക്കി സംസ്ഥാന അധികാരങ്ങളില്‍ കടന്നുകയറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ കടുത്ത പ്രതിഷേധം. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും  സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ക്കുമെന്നും യോഗം വിലയിരുത്തി. പ്രശ്ന പരിഹാരമാവശ്യപ്പെട്ട് രാഷ്‌ട്രപതിയെ സമീപിക്കാനാണ് യോഗത്തിലെ ധാരണ.

2011ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കണക്കാക്കുന്നതടക്കം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നയങ്ങള്‍ക്കെതിരെയായിരുന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ. സംസ്ഥാനങ്ങള്‍ക്ക് മേല്‍ സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍. വന്‍ വരുമാന നഷ്‌ടമുണ്ടാക്കുന്ന പരിഗണനാ വിഷയങ്ങള്‍ ധനകാര്യകമ്മീഷന്‍ പുനഃപരിശോധിക്കണം. ധനകമ്മീഷന്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനും ഐക്യം ഉറപ്പാക്കാനും അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അവകാശ സംരക്ഷണത്തിന് കലാപത്തിനിറങ്ങേണ്ട സാഹചര്യമാണെന്ന് പറഞ്ഞ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വികസന പദ്ധതികള്‍ പോലും നടപ്പാക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. അധികാരം കൈപ്പിടിയിലൊതുക്കി കേന്ദ്ര സര്‍ക്കാ‍ര്‍ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നുവെന്നും. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നുവെന്നും ആരോപിച്ചു. നയരൂപീകരണത്തിനുള്ള  അടുത്ത യോഗം ഈ മാസം അവസാനം വിശാഖപട്ടണത്ത് ചേരുമെന്ന് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു. സംസ്ഥാനങ്ങളഉടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ പ്രമേയം തയ്യാറാക്കും. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിമാരെത്തിയപ്പോള്‍ തമിഴ്നാടും തെലങ്കാനയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

click me!