
കോഴിക്കോട്: നൂറ്റി ഇരുപത് സര്‍വകലാശാലകള്‍ മാറ്റുരച്ച സൗത്ത് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാല കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന്റെ അഭിമാനത്തിലാണ് വടകര ചെമ്മരത്തൂര്‍ പ്രസാന്ത് വില്ലയില്‍ ഷിനാസ് ഹാഷിം. ഹൈദരാബാദില്‍ നടന്ന ടൂര്‍ണമെന്റില്‍ ചെന്നൈ എസ്ആര്‍എം യൂനിവേഴ്‌സിറ്റിയെ 37 റണ്‍സിന് തോല്‍പിച്ചാണ് ഷിനാസിന്റെ നേതൃത്തിലിറങ്ങിയ എംജി ടീം ചാംപ്യന്മാരായത്.
ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു യൂനിവേഴ്‌സിറ്റി സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളാവുന്നതെന്നത് എംജിയുടെ വിജയത്തിന് തിളക്കമേറ്റുന്നു. ഫെബ്രുവരി 12 മുതല്‍ ഹരിയാനയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും സൗത്ത് സോണ്‍ വിജയത്തിലൂടെ എംജിക്കായി.
ഫാസ്റ്റ് ബൗളറായ ഷിനാസ് അഞ്ച് വര്‍ഷമായി എംജിക്ക് വേണ്ടി കളിക്കുന്നു. ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്നിലെത്താനും എംജിയുടെ ഈ ക്യാപ്റ്റന് കഴിഞ്ഞു. ഫൈനലില്‍ ഷിനാസ് ഉള്‍പെടെയുള്ള ടീമിലെ ബൗളര്‍മാരുടെ മിടുക്ക് കൊണ്ടാണ് എസ്ആര്‍എമ്മിനെ 179 എന്ന സ്‌കോറില്‍ ചുരുക്കി കെട്ടാനും 37 റണ്‍സിന്റെ വിജയം നേടാനും കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ഓള്‍ ഇന്ത്യാ ചാംപ്യന്മാരായ എസ്ആര്‍എമ്മിനെയാണ് സൗത്ത് സോണില്‍ തോല്‍പിച്ചതെന്നത് ടീമിന് കൂടുതല്‍ ആത്മധൈര്യം പകരുന്നതായി ഷിനാസ് പറഞ്ഞു.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്‌സ് കോളെജില്‍ എംഎ സോഷ്യോളജി വിദ്യാര്‍ത്ഥിയായ ഷിനാസ് സംസ്ഥാന ടീമിന് വേണ്ടി അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. അണ്ടര്‍ 16 സൗത്ത് ഇന്ത്യന്‍ സോണ്‍ ടീമിന് വേണ്ടിയും ഷിനാസ് കളിച്ചു. അഞ്ച് വര്‍ഷമായി കേരള ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഈ വലം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍. ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്രെന്‍ മഗ്രാത്തിന്റെ കീഴിലും ഷിനാസ് പരിശീലിക്കുന്നു. ചെറുപ്പത്തിലേ വീട്ടുകാര്‍ നല്‍കിയ പ്രോത്സാഹനമാണ് ക്രിക്കറ്റില്‍ ഉയങ്ങള്‍ കീഴടക്കാന്‍ ഷിനാസിന് ഊര്‍ജമായത്. ചെമ്മരത്തൂരില പ്രസാന്ത് വില്ലയില്‍ പരേതനായ ഹാഷിമിന്റെയും വില്യാപ്പള്ളി വെസ്റ്റ് എംഎല്‍പി സ്‌കൂള്‍ അധ്യാപിക നഫീസയുടെയും മകനാണ് ഷിനാസ്. ഹരിയാനയില്‍ ഓള്‍ ഇന്ത്യാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി എട്ടിന് എംജി ടീം ഏറണാകുളത്തു നിന്ന് യാത്രയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam