താല്‍ഗോ ട്രെയിന്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി

By Web DeskFirst Published Jul 14, 2016, 11:29 AM IST
Highlights

ദില്ലി: സ്‌പാനിഷ് നിര്‍മ്മിത താല്‍ഗോ ട്രെയിന്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി സര്‍വ്വീസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് താല്‍ഗോ ട്രെയിന്‍ പാഞ്ഞത്. ഇന്ത്യന്‍ റെയില്‍വേ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ മഥുര മുതല്‍ പല്‍വാല്‍ വരെയുള്ള 84 കിലോമീറ്റര്‍ ദൂരം വെറും 38 മിനിട്ടുകൊണ്ടാണ് താല്‍ഗോ ട്രെയിന്‍ ഓടിയെത്തിയത്. വേഗതയുടെ കാര്യത്തില്‍ ഗതിമാന്‍ എക്‌സ്‌പ്രസിന്റെ റെക്കോര്‍ഡാണ് താല്‍ഗോ ട്രെയിന്‍ മറികടന്നത്. കഴിഞ്ഞദിവസം നടന്ന പരീക്ഷണയോട്ടം താല്‍ഗോ ട്രെയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന പരീക്ഷണയോട്ടത്തിന്റെ അഞ്ചാംദിവസമാണ് താല്‍ഗോ ട്രെയിന്‍ വേഗതയുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്. ആദ്യദിനം 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ട്രെയിന്‍ പിന്നീടുള്ള ദിവസങ്ങളില്‍ വേഗത ക്രമേണ കൂട്ടി. അടുത്ത ഘട്ടത്തില്‍ യാത്രക്കാരുടെ ഭാരമുള്ള മണല്‍ ചാക്കുകള്‍ ഓരോ സീറ്റിലും വെച്ചശേഷമാകും പരീക്ഷണയോട്ടം നടത്തുകയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. മുംബൈ - മഥുര റൂട്ടിലാകും അടുത്ത പരീക്ഷണയോട്ടം. മുംബൈ-ദില്ലി റൂട്ടില്‍ ഓടിക്കുന്നതിനായാണ് ഇന്ത്യന്‍ റെയില്‍വേ താല്‍ഗോ ട്രെയിന്‍ വാങ്ങിയത്. ഇന്ത്യയില്‍ നിലവില്‍ ഓടുന്ന തീവണ്ടികളില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഗതിമാന്‍ എക്‌സ്‌പ്രസാണ് ഏറ്റവും വേഗമേറിയ ട്രെയിന്‍. 150 കിലോമീറ്റര്‍ വേഗതയുള്ള ശതാബ്‌ദി എക്‌സ്‌പ്രസ് രണ്ടാമതും 130 കിലോമീറ്റര്‍ വേഗതയുള്ള രാജധാനി എക്‌സ്‌പ്രസ് മൂന്നാം സ്ഥാനത്തുമാണ്.

click me!