Latest Videos

ഹനാനെതിരായ ആക്രമണം: സൈബര്‍ നിയമങ്ങള്‍ ദുര്‍ബലമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

By Web TeamFirst Published Jul 28, 2018, 7:14 PM IST
Highlights

ഹനാനെതിരായ സോഷ്യല്‍ മീഡിയ ആക്രമണം കേരളത്തിന്‍റെ സാമൂഹ്യവും സാംസ്കാരികവുമായ ഔന്നത്യത്തിന് ഏറ്റ ആഘാതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പിതൃശൂന്യമായ ആക്ഷേപങ്ങള്‍ നടത്തുന്ന പൂരപ്പറമ്പായി സാമൂഹ്യ മാധ്യമങ്ങള്‍ മാറി.

തിരുവനന്തപുരം: ഹനാനെതിരായ സോഷ്യല്‍ മീഡിയ ആക്രമണം കേരളത്തിന്‍റെ സാമൂഹ്യവും സാംസ്കാരികവുമായ ഔന്നത്യത്തിന് ഏറ്റ ആഘാതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പിതൃശൂന്യമായ ആക്ഷേപങ്ങള്‍ നടത്തുന്ന പൂരപ്പറമ്പായി സാമൂഹ്യ മാധ്യമങ്ങള്‍ മാറി. സൈബര്‍ നിയമങ്ങള്‍ താരതമ്യേന ദുര്‍ബലമാണെന്നും നിയമ നിര്‍മ്മാണം വേണമെന്നും സ്പീക്കര്‍ പറഞ്ഞു. 

അതേസമയം, സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രംഗത്തെത്തി. സൈബര്‍ ഗുണ്ടകള്‍ മലയാള ഭാഷയെ വ്യഭിചരിക്കുന്നുവെന്ന് ഹനാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തിലാണ് ഹനാന്‍ അഭിമാനത്തോടെ ജീവിക്കാന്‍ മീന്‍ കച്ചവടവുമായി ഇറങ്ങിയത്. അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടപടിയുമായി മുന്നോട്ടുപോകും. ഭൂരിപക്ഷ സമൂഹത്തിന്‍റെയും പിന്തുണ ഹനാനുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

click me!