നിയമസഭയിലെ കയ്യാങ്കളി ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍

By Web TeamFirst Published Dec 13, 2018, 12:44 PM IST
Highlights

നിയമസഭയില്‍ നടന്നത് ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍. സഭ നടത്തിക്കൊണ്ടു പോകാനാകാത്ത സാഹചര്യമെന്നും സ്പീക്കര്‍ പി രാമകൃഷ്ണന്‍.

 

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍. സഭ നടത്തിക്കൊണ്ടു പോകാനാകാത്ത സാഹചര്യമെന്നും സ്പീക്കര്‍ പി രാമകൃഷ്ണന്‍ പറഞ്ഞു. വാച്ച് ആന്‍റ് വാര്‍ഡിന്‍റെ കായികക്ഷമതയുടെ ബലത്തില്‍ സഭ നടത്തികൊണ്ടുപോകാന്‍ താല്‍പര്യമില്ല. ആരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തി സഭ നടത്താനാവില്ല എന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വനിത മതിലിനെ വർഗീയ മതിലെന്നു വിശേഷിപ്പിച്ച യുഡിഎഫ് എംഎൽഎ എം.കെ.‌ മുനീറിന്‍റെ പരാമർശത്തെച്ചൊല്ലിയാണ്  നിയമസഭയില്‍ ഇന്ന് കയ്യാങ്കളിയുണ്ടായത്. ഭരണ - പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ പോർവിളിയും ഉന്തും തള്ളുമുണ്ടായി. പി. കെ. ബഷീറും വി. ജോയിയും ഏറ്റുമുട്ടി. 

ബഹളം നടക്കുന്നതിനിടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

വർഗീയമതിൽ പരാമർശം പിൻവലിക്കണമെന്നാണു ഭരണപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ വാക്കു പിന്‍വലിക്കില്ലെന്ന് മുനീര്‍ പറഞ്ഞു. തുടര്‍ന്ന് ഏറ്റുമുട്ടല്‍ തുടങ്ങി. ഇതോടെയാണ് സ്പീക്കര്‍ സഭ താൽക്കാലികമായി നിർത്തിവെച്ചത്. പിന്നീട് ചേർന്നപ്പോഴും ബഹളം തുടരുകയായിരുന്നു. 

click me!