നമ്പി നാരായണനെതിരായ സെന്‍കുമാറിന്‍റെ പ്രസ്താവന മാന്യതയില്ലാത്തത്: സ്പീക്കര്‍

By Web TeamFirst Published Jan 27, 2019, 11:00 AM IST
Highlights

'ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും'

കോഴിക്കോട്: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെൻ കുമാർ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അവാർഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താൽപര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

'ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുവരുടേത് മാന്യതയില്ലാത്ത നടപടിയാണ്' - ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം സെൻകുമാറിന്റെ പ്രസ്താവനയില്‍ വിവാദങ്ങൾക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നമ്പി നാരായണന് കേന്ദ്ര സർക്കാർ നൽകിയ അംഗീകാരമല്ലേ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്.

ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരടക്കമുള്ളവരോട് താൻ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാർഡ് സ്പോൺസർ ചെയ്തവരും അവാർഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും അവാർഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാൾ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലർക്കും അവാർഡ് കൊടുത്തില്ലെന്നും സെന്‍കുമാർ പറഞ്ഞിരുന്നു. 

click me!