
തിരുവനന്തപുരം: ബൈബിളിലെ നോഹയെപ്പോലെ പ്രളയ ജലത്തിൽ പെട്ടകങ്ങളുമായി വന്ന് കേരളജനതയെ രക്ഷിച്ചവരാണ് ഓരോ മത്സ്യത്തൊഴിലാളിയുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ വസുകി ഐഎഎസ്. തിരുവനന്തപുരത്ത് രക്ഷാപ്രവർത്തനത്തിൽ സജീവ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കളക്ടർ വസുകിയുടെ വികാരഭരിതമായ പ്രസംഗം. തന്റെ നാടിന്റെ മര്യാദയനുസരിച്ച് എല്ലാവരോടും കൈ കൂപ്പി നന്ദി പറയുന്നുവെന്നും കളക്ടർ കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ സേവനം ലഭിച്ച എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും വേണ്ടിയായിരുന്നു കളക്ടർ വസുകിയുടെ നന്ദി.
സ്വന്തം അനുഭവം കൂടി പരാമർശിച്ചാണ് വസുകി ഐഎഎസ് തുടർന്ന് പ്രസംഗിച്ചത്. ''എന്റെ സഹപാഠിയായ ഹരികിഷോർ ഐഎഎസ് ആണ് എന്നെ ആദ്യം വിളിച്ചത്. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ അപ്പോഴേയ്ക്കും നമ്മുടെ നാടും വെള്ളത്തിൽ മുങ്ങിത്തുടങ്ങിയിരുന്നു. ദുരിതാശ്വാസത്തിനുള്ള വസ്തുക്കൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഞാൻ. എനിക്ക് പരിചയമുള്ള മത്സ്യത്തൊഴിലാളികളെയും അവിടങ്ങളിലുള്ള അച്ചൻമാരെയും വിളിച്ചിരുന്നു. അപ്പോഴാണ് അവർ വള്ളങ്ങളൊക്കെ തയ്യാറാക്കി ദുരിത ബാധിത പ്രദേശത്തേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു എന്ന് പറഞ്ഞത്. വാഹനം സജ്ജമാക്കികൊടുത്താൽ മതി, അവർ പോകാം എന്ന് എന്നോട് പറഞ്ഞു. ആ സമയത്ത് അവരെ സഹായിക്കാൻ ധാരാളം ഡ്രൈവേഴ്സ് മുന്നോട്ട് വന്നിരുന്നു. അവരുടെ സേവനവും ഒരിക്കലും മറക്കാൻ സാധിക്കില്ല.'' വസുകി ഐഎഎസ് പറയുന്നു.
കേരളത്തിലെ പല ജില്ലകളിലേക്കും വള്ളങ്ങളുമായി പോയത് തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിളിച്ചപ്പോൾ 'എത്ര വള്ളങ്ങളും മത്സ്യത്തൊഴിലാളികളും വേണമെന്ന് പറഞ്ഞാൽ മതി, പോകാൻ റെഡിയാണ്' എന്ന മറുപടിയാണ് തിരികെ ലഭിച്ചത്. ആ വാക്കുകൾ തന്ന ആശ്വാസവും ഊർജ്ജവും ചെറുതല്ലെന്ന് വസുകി നന്ദിയോടെ പറയുന്നു.
''ഇതുവരെ കേരളം എന്ന് കേൾക്കുമ്പോൾ ഫിഷ്കറിയാണ് ഓർമ്മയിൽ വന്നിരുന്നത്. എന്നാൽ ഇനി മുതൽ, മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ.'' ഈ രക്ഷാ ദൗത്യത്തിൽ പങ്കാളികളായ എല്ലാവരെയും ഒരിക്കൽക്കൂടി നന്ദിയോടെ ഓർക്കുന്നു എന്ന് പറഞ്ഞാണ് കളക്ടർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് കളക്ടർ വസുകി ഐഎഎസിന്റെ അനുമോദനപ്രസംഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam