ജാതിമത വിവേചനം ഇല്ലാതാകണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം: ഉപരാഷ്ട്രപതി

By Web TeamFirst Published Feb 1, 2019, 6:39 PM IST
Highlights

എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന ബോധം ഉണ്ടാകണം. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കണം. കുട്ടികളെ ആദ്യം മാതൃഭാഷ പഠിപ്പിക്കണം. അതിനു ശേഷമാകണം മറ്റു ഭാഷകൾ പഠിക്കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

കൊച്ചി: ജാതിയുടെയും മതത്തിന്റെയും പ്രദേശങ്ങളുടയും പേരിലുള്ള വിവേചനം ഇല്ലാതാക്കാൻ പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചി തേവര സേക്രട്ട് ഹാർട് കോളേജ് പ്ലാറ്റിനം ജൂബിലി. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന ബോധം ഉണ്ടാകണം. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കണം. കുട്ടികളെ ആദ്യം മാതൃഭാഷ പഠിപ്പിക്കണം. അതിനു ശേഷമാകണം മറ്റു ഭാഷകൾ പഠിക്കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

അവസരങ്ങളും വെല്ലുവിളികളും ഏറെയുണ്ട്. അത് നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം. വിദ്യാഭ്യാസം ജോലി നേടാൻ മാത്രമുള്ളതല്ല.
 പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം. കാരണം അതൊരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായിരുന്നു. കെ വി തോമസ് എം പിയുടെ വിദ്യാധനം പദ്ധതിയിൽ ഉൾപ്പെടുത്തി വിധാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നൽകുന്ന കിന്‍റിലുകളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. ഇന്ന് കൊച്ചിയിൽ തങ്ങുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ കോട്ടയത്തേക്ക് പോകും.

വൈകിട്ട് 4.40 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണ്ണർ റിട്ട. ജസ്റ്റിസ് പി സദാശിവം, കൊച്ചി മേയർ സൗമിനി ജെയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നാവിക സേന അഡ്മിറൽ എ കെ ചൗള,  എ ഡി ജി പി  അനിൽ കാന്ത്, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശ്, ഐ ജി വിജയ് സാക്കറെ, തേവര എസ് എച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോസ് ജോൺ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

click me!