റോഡ് മുറിച്ചുകടക്കാന്‍ കാത്തുനിന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 9 മരണം

By Web DeskFirst Published Feb 24, 2018, 5:32 PM IST
Highlights

മുസഫര്‍പൂര്‍: ദേശീയപാത 77ല്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാറിടിച്ച് ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. 

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ധരംപൂര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വരിയായി നിന്ന് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തില്‍ കടന്നുവന്ന മഹേന്ദ്ര ബൊലേറോ കാര്‍ ഇവര്‍ക്കിടയില്‍ ഇടിച്ചുകയറുകയായിരുന്നു. ഒന്‍പത് കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെന്ന് മുസഫര്‍പൂര്‍ ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗൗരവ് പാണ്ഡ്യെ അറിയിച്ചു. ആറ് കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  പാറ്റ്ന ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലെ ആശുപത്രികളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ പാത മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന്റെ മറുഭാഗത്ത് നില്‍ക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വാഹനം നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഓടി രക്ഷപെട്ടു. റോഡില്‍ മുഴുന്‍ കുട്ടികളുടെ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. പരിക്കേറ്റ കുട്ടികളുടെയും രക്ഷിതാക്കളുടെയും നിലവിളികളാണ് ആശുപത്രികളിലും. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

click me!