സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി: ഒഴിവായത് വന്‍ ദുരന്തം

By Web DeskFirst Published Jul 9, 2016, 6:35 PM IST
Highlights

ദുബായ്: ദുബായില്‍ നിന്ന് പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. മുംബൈയിലേക്കുള്ള ഈ വിമാനത്തില്‍ മലയാളികള്‍ ഉള്‍പ്പടെ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം ഒന്നേകാല്‍ മണിക്കൂര്‍ വൈകി 5.15 നാണ് പുറപ്പെട്ടത്.

മുംബൈയിലേക്കുള്ള എസ്.ജി 014 എന്ന ഈ വിമാനത്തിന്‍റെ പിന്‍ഭാഗത്തെ വലത് ടയറാണ് പൊട്ടിയത്. ഇതിനെ തുടര്‍ന്ന് വിമാനം രണ്ട് തവണ നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടര മണിക്കൂറിന് ശേഷം മൂന്നാംവട്ട ശ്രമത്തിലാണ് ദുബായിലെ പുതിയ വിമാനത്താവളമായ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. 

മലയാളികള്‍ ഉള്‍പ്പടെ 179 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും വിമാനം നിലത്തിറക്കാന്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്നു. അതേസമയം യാത്ര മുടങ്ങിയിട്ടും രാവിലെ ഭക്ഷണം പോലും നല്‍കാന്‍ സ്‌പൈസ് ജെറ്റ് അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. 

യാത്രക്കാര്‍ ബഹളം വച്ചതിന് ശേഷമാണത്രെ ഭക്ഷണം നല്‍കാന്‍ തയ്യാറായത്. ഞായറാഴ്ച യാത്രക്കാരെ നാട്ടിലെത്തിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ചിലര്‍ മറ്റ് വിമാനക്കമ്പനികള്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പത്ത് ദിവസം കഴിഞ്ഞ് ടിക്കറ്റ് തുക തിരിച്ച് നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്.

click me!