അമേരിക്കയില്‍ അണക്കെട്ട് ഏത് നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്

By Web DeskFirst Published Feb 13, 2017, 2:27 PM IST
Highlights

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഓറോവില്‍ അണക്കെട്ട് തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്.വടക്കന്‍ കാലിഫോര്‍ണിയയിലെ അണക്കെട്ടിന്റെ പരിസരത്ത് നിന്ന് രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. രൂക്ഷമായ വരള്‍ച്ചയ്‌ക്ക് ശേഷമെത്തിയ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് ഓറോവില്ലില്‍ ദുരന്തം വിതയ്‌ക്കുമെന്ന ഭീതി ഉയര്‍ത്തുന്നത്.230 മീറ്റര്‍ സംഭരണ പരിധിയുള്ള അണക്കെട്ടില്‍ പരമാവധി സംഭരണശേഷിയോട് അടുത്ത് വെള്ളം നിറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നപ്പോഴാണ് പ്രധാന സ്‌പില്‍വേയ്‌ക്ക് തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അടിയന്തര സാഹചര്യങ്ങളിലുപയോഗിക്കുന്ന സ്‌പില്‍വേ തുറന്നപ്പോള്‍ അതും തകരാറിലാണെന്ന് വ്യക്തമായി. 770 അടി ഉയരമുള്ള അണക്കെട്ടിന്റെ നിര്‍മ്മാണം 1968ല്‍ പൂര്‍ത്തിയായ ശേഷം ആദ്യമായാണ് അടിയന്തര സ്‌പില്‍വേ തുറക്കേണ്ടി വരുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് പാറകള്‍ താഴേക്കിട്ട് സ്‌പില്‍വേയില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് രൂപപ്പെട്ട വലിയ കുഴി നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

ചെറിയ തോതില്‍ വെള്ളം പുറത്തേക്കുവിട്ട് അണക്കെട്ടിന്മേലുള്ള മര്‍ദ്ദം കുറയ്‌ക്കാനും ശ്രമം നടക്കുന്നു. എങ്കിലും സ്‌പില്‍വേ തകര്‍ന്നാല്‍ ഫെദര്‍ നദിക്ക് ഇരുവശങ്ങളിലും താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുമെന്ന് കണ്ടാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് മാത്രം ഇന്ത്യന്‍ വംശജരടക്കം 16,000ഓളം പേരാണ് താമസിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

click me!