
തൃശൂർ: കേരളത്തിൽ നിന്ന് ശ്വേതകണ്ഠൻ ആട്ടക്കാരൻ എന്ന (Spot-breasted (White-spotted)fantail. ശാസ്ത്രനാമം: Rhipidura albogularis) പക്ഷിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. പക്ഷി നീരിക്ഷകരുടെ പ്രിയപ്പെട്ട വെബ്സൈറ്റായ ഇബേഡാണ് ശ്വേതകണ്ഠൻ ആട്ടക്കാരൻ എന്ന പക്ഷിയെ കേരളത്തില്‍ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്.
2016 ലെ ഡിസംബറിനാണ് മലമ്പുഴ റിസർവോയറിൽ വിരുന്നെത്തിയ ചെങ്കാലൻ പുള്ളിനെ (അമൂർ ഫാൽക്കൺ) കാണാൻ പക്ഷിനിരീക്ഷകരായ രവീന്ദ്രൻ കെ.സിയും റാഫി കല്ലേറ്റുംകരയും പോയത്. റിസർവ്വോയർ പരിസരത്ത് പക്ഷിനിരീക്ഷണം നടത്തുകയും കണ്ട പക്ഷികളുടെ വിവരങ്ങളും ഫോട്ടോയും ഇബേഡിലേയ്ക്ക് സമർപ്പിക്കുകയും ചെയ്തു. ഒന്നരവർഷങ്ങൾക്ക് ശേഷം 2018 മെയ് മാസത്തിൽ ഫോട്ടോ കണ്ട് സംശയം തോന്നിയ ബേഡ് കൗണ്ട് ഇന്ത്യയിലെ ഡാറ്റ-മീഡിയ ക്വാളിറ്റി റിവ്യൂവർ ആയ അശ്വൻ വിശ്വനാഥൻ ഇതിൽ അപ്പ്ലോഡ് ചെയ്തിരുന്ന കൂട്ടത്തിൽ ആട്ടക്കാരൻ പക്ഷികളുടെ ചിത്രങ്ങളിൽ ശ്വേതകണ്ഠൻ ആട്ടക്കാരൻ പക്ഷിയെ തിരിച്ചറിഞ്ഞത്.
കൂടുതൽ ചർച്ചകൾക്ക് ശേഷം ഇത് കേരളത്തിൽ നിന്നുള്ള ഫോട്ടോയോടുകൂടിയ ആദ്യ റിപ്പോർട്ടാണെന്ന് കേരള ബേഡ് മോണിറ്ററിങ് ഗ്രൂപ്പിലെ മുതിർന്ന പക്ഷിഗവേഷകനായ പ്രവീൺ ജയദേവൻ പറഞ്ഞു. ഇതോടെ കേരളത്തിൽ നിന്ന് ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 521 ആയി. സിറ്റിസൺ സയൻസ് (പൗരശാസ്ത്രം) രംഗത്തെ ജനകീയമായ വെബ്സൈറ്റ് ആയ ഇബേഡിൽ ഇന്ത്യയിൽ നിന്നുള്ള സംഭാവനകൾ ഒരു കോടി കടന്നിരുന്നു. 1300ൽ അധികം സ്പീഷ്യസ്സുകളുടെ രണ്ട് ലക്ഷത്തിലധികം ചിത്രങ്ങളും ശബ്ദങ്ങളും ഈ സെറ്റില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam