77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കർത്തവ്യപഥിൽ പൂർത്തിയായി.രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും

ദില്ലി: 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ദില്ലി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

രാജ്യം ഇതുവരെ നേടിയ സൈനിക കരുത്തിന്‍റെയും വികസനനേട്ടങ്ങളുടെയും വിളംബരമാണ് ഒരോ റിപ്പബ്ലിക് ദിന പരേഡും. കർത്തവ്യപഥിലൂടെ കടന്നു പോകുന്ന സൈനിക അർധ സൈനിക വിഭാഗങ്ങളും കലാകാരന്മാരും നിശ്ചലദൃശ്യങ്ങളും രാജ്യത്തിന്‍റെ നേട്ടങ്ങളുടെ കഥകളാണ് പങ്കുവെക്കുന്നത്. 77 വർഷത്തെ കരുത്തിനെ അനാവരണം ചെയ്യുന്ന ഇത്തവണത്തെ പരേഡ് രാജ്യം ഭീകരതയെ തകർത്ത് ഏറിഞ്ഞ ഓപ്പറേഷൻ സിന്ദൂർ എന്ന മഹാവിജയത്തിന്‍റെ ദിനങ്ങൾ കൂടി ഓർമ്മിപ്പിക്കും. കര -നാവിക- വ്യോമസേനകളുടെ പ്രകടനങ്ങളാണ് ഒരോ പരേഡിലെയും പ്രധാന ആകർഷണം. ഒപ്പം ചിട്ടയോടെ ചുവടെ വെയ്ക്കുന്ന അർധസൈനിക വിഭാഗങ്ങളും എൻസിസി കേഡറ്റുകളുമുണ്ടാകും. 

ഈ വർഷത്തെ പരേഡിന്‍റെ പ്രധാന പ്രമേയം വന്ദേമാതരത്തിന്‍റെ 150-ാം വാർഷികവും ഓപ്പേറഷൻ സിന്ദൂറുമാണ്. കരസേനയിൽ പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതാദ്യമായി കർത്തവ്യപഥിലേക്ക് എത്തും. ഒപ്പം കൌതുകകാഴ്ച്ചയായി കരസേനയുടെ മൃഗസംരക്ഷണ വിഭാഗവും ഉണ്ടാകും. മൂന്ന് സേനകളുടെ ബാൻഡ് സംഘവും പരേഡിന് കൊഴുപ്പേകും. വ്യോമസേന ഒരുക്കുന്ന 29 വിമാനങ്ങളുടെ ആഭ്യാസപ്രകടനം ഇക്കുറി ദില്ലിയുടെ ആകാശത്ത് വിസ്മയം ഒരുക്കും. റഫാൽ, സുഖോയ് മിഗ് അടക്കം യുദ്ധവിമാനങ്ങൾ ഒരുക്കുന്ന സിന്ദൂർ ഫോർമേഷനും ഇക്കുറി പുതിയ കാഴച്ചയാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മൊത്തം 30 ടാബ്ലോകൾ കാർത്തവ്യ പഥിലൂടെ നീങ്ങും. വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളാകും.

അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും.യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെയർ ലെയൻ ഇന്നലെ ദില്ലിയിലെത്തിയിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ ഇന്ന് ഉച്ചകഴിഞ്ഞ് എത്തും. നാളെ റിപ്പബ്ലിക് ദിന പരേഡിൽ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയ്ക്കുശേഷം അംഗീകരിക്കും.

YouTube video player