
തിരുവനന്തപുരം: ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും സിപിഎം ഇന്ന് സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ പരാജയം ആയിരുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഏറെ കൊട്ടിഘോഷിച്ച വനിതാ മതില്‍ പൊതുസമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാര്‍ട്ടി പരിപാടിയായി അധ: പതിച്ചെന്ന് ബിജെപി അദ്ധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ശുഷ്‌കമായ പങ്കാളിത്തമാണ് മതിലില്‍ ഉണ്ടായത്. കേരളത്തിലുടനീളം ഇടയ്ക്കിടെ നീണ്ട വിടവുകള്‍ ഉള്ള വനിതാ മതിലാണ് ദൃശ്യമായത്. കേരളത്തിലെ ഇടത് മുന്നണിയുടെ വനിതാ മതില്‍ ഓര്‍മ്മിപ്പിക്കുന്നത് 1989ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ സംഘടിപ്പിക്കപ്പെട്ട 'ബാള്‍ട്ടിക്ക് ചെയ്‌നി'നെ ആണ്. സോവിയറ്റ് യൂണിയനിലെ മൂന്ന് പ്രവിശ്യകളെ കോര്‍ത്തിണക്കികൊണ്ട് 675 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണിതീര്‍ത്ത 'ബാള്‍ട്ടിക്ക് ചെയ്ന്‍' എന്ന മനുഷ്യ ശൃംഖല സോവിയറ്റ് യൂണിയന്‍റെയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തകര്‍ച്ചയിലാണ് കലാശിച്ചത്. കേരളത്തിലും ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
'ബാള്‍ട്ടിക്ക് ചെയ്ന്‍' തീര്‍ത്ത് ഏഴ് മാസങ്ങള്‍ക്കുള്ളില്‍ സോവിയറ്റ് സാമ്രജ്യത്തിന്‍റെ ശിഥിലീകരണം ആരംഭിക്കുകയായിരുന്നു. കേരളത്തിലും വനിതാ മതില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന സൂചനയാണ് നല്‍ക്കുന്നത്. വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ഈ ദുരന്ത മതില്‍ പിണറായി സര്‍ക്കാരിന്‍റെ മരണമണിയാണ് മുഴക്കുന്നത്. കേരളം ഭരിച്ച അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി ആവും പിണറായി വിജയന്‍ നേടുക എന്നും പിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam