
തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ എല്ലാ പരിപാടിക്കും ബിജെപിയുടെ പൂർണ പിന്തുണയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കാനാണ് ബിജെപിയുടെ പദ്ധതി. നിരോധനാജ്ഞ പിൻവലിക്കുക, പോലീസ് രാജ് പിൻവലിക്കുക, ആരാധന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാവും നിലയ്ക്കലില്‍ സമരം.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നാളെ ശബരിമലയിലെത്തുമെന്നും അതുവഴി ശബരിമലയിലെ അവസ്ഥ പുറം ലോകത്തെത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാന്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഇറക്കിയ സർക്കുലര്‍ ശ്രീധരന്‍ പിള്ള സ്ഥിരീകരിച്ചു. ഇത് പാർട്ടി നിലപാടാണെന്നും പോലീസ് നടപടിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ സർക്കുലറിന്‍റെ പേരിൽ വിവാദം ഉണ്ടാക്കുന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. സിപിഎം കരുതുന്നത് ബിജെപിക്കാര്‍ യാതൊരു സ്വാതന്ത്യവും അനുഭവിക്കാന്‍ ആകാത്തവര്‍ എന്നാണ്. സ്ഥിരമായി പാര്‍ട്ടി സര്‍ക്കുലര്‍ അയക്കാറുണ്ടെന്നും പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ ചിലത് പറയുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
സര്‍ക്കുലര്‍ ഇറക്കിയതിനെ മുഖ്യമന്ത്രിയും കുറ്റംപറയുകയാണെന്നും അത് അവഗണിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഡിസംബർ അഞ്ച് മുതൽ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കും. ദേവസ്വം ബോർഡിന്‍റെ സാവകാശ സംരക്ഷണ ഹർജി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ആയിരത്തോളം സ്ത്രീകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് എന്നാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച് കൂടുതല്‍ അടിച്ചമര്‍ത്തലിന് ശ്രമമെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും പറഞ്ഞതും ശ്രീധരന്‍ പിള്ള നിഷേധിച്ചു. താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു എന്നാണ് ശ്രീധരന്‍ പിള്ള ആരോപിച്ചത്. യുവതി എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. യുവതി പ്രവേശനം പ്രശ്നം അല്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam