കേന്ദ്ര സർക്കാർ എത്ര സമ്മർദ്ദം ചെലുത്തിയാലും കിഫ്ബിയുടെ ഭാവി തകരില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം കടക്കെണിയിലാണെന്ന വാദങ്ങളെ തള്ളിയ മന്ത്രി, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഇന്ത്യയെ സാമ്പത്തികമായി പിന്നോട്ട് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കേന്ദ്ര സർക്കാര്‍ എത്ര ഞെരുക്കിയാലും കിഫ്ബിയുടെ ഭാവി തകരില്ല എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും കിഫ്ബിക്ക് വേണ്ടി സർക്കാര്‍ മാറ്റിവെയ്ക്കുന്നത് 10,000 കോടിയാണ്. ദേശീയ പാതയ്ക്ക് കേരളം പണം കൊടുത്തു. അവർ ടോൾ പിരിക്കുന്നവരാണ്. ശരിക്കും അതിൽ ഒരു ഭാഗം കേരളത്തിന് നൽകേണ്ടതാണ്. എന്നാല്‍, അത് ചെയ്യുന്നില്ല. പക്ഷേ കേരളം പണം കൊടുത്തില്ലായിരുന്നെങ്കിൽ ദേശീയ പാത നടക്കുമായിരുന്നില്ല. അത് പോലെയാണ് മലയോര റെയിൽവേ പദ്ധതി. അത് ശബരിമലയിൽ അവസാനിക്കുന്നതല്ല. വിഴിഞ്ഞം വരെ നീട്ടുന്നത് പഠിക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് മറുപടി

കിഫ്ബിയെ വിമര്‍ശിച്ച് നിര്‍മല സീതാരാമൻ പറയുന്നത് പോലെ ഒരു സാമ്പത്തിക പ്രതിസന്ധിയൊന്നും അതുകൊണ്ട് ഉണ്ടാകില്ല. സ്ഥിരമായി പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കേരളം കടക്കെണിയിലാണെന്ന് പറയുന്നു. കേരളത്തിന്‍റെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. ആറ് ലക്ഷം കോടിയിലേക്ക് കടം എത്തുകയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. മുൻ വര്‍ഷത്തെ കൂടെ കണക്ക് നോക്കിയാൽ കടം ആറ് ലക്ഷം കോടിയിലേക്ക് എത്തേണ്ടതുമാണ്. പക്ഷേ, ഇപ്പോൾ അത് അഞ്ച് ലക്ഷം കോടിയിലേക്ക് പോലും എത്തില്ല. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ച പോലെ കടം കൂടിയിരുന്നു. എന്നാല്‍, ഇപ്പോൾ കടം കുറഞ്ഞ് വരികയാണ്.

YouTube video player

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കടമുള്ള സംസ്ഥാനങ്ങളെടുത്താൽ കേരളത്തിന് മുമ്പിലായി പതിനെട്ടോ പത്തൊൻപതോ സംസ്ഥാനങ്ങളുണ്ട്. കേരളം മുന്നോട്ട് പോവുകയാണെന്ന് പറയാൻ ഇവര്‍ക്കെല്ലാം മടിയാണ്. കേന്ദ്ര സർക്കാര്‍ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയെ അപകടത്തിലേക്ക് എത്തിക്കും. അടുത്ത വര്‍ഷം ഒരു സാമ്പത്തിക ചുരുക്കലിന്‍റെ ട്രെൻഡ് ഇന്ത്യയെ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അത് സംസ്ഥാനങ്ങളെ എല്ലാം ബാധിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. വരുന്ന രണ്ട് വര്‍ഷം കേന്ദ്ര സർക്കാർ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് പോകുന്നത്. ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിച്ചെങ്കിലും ധനകാര്യ മന്ത്രിയുടെ അഭിപ്രായമല്ല പറയുന്നത്, അല്ലെങ്കിൽ ആ സർക്കാരിന്‍റെ അഭിപ്രായമല്ല വരുന്നത്. ട്രംപ് പറയുന്നതാണ് നടപ്പിലാക്കുന്നത്. ഇത് ഇന്ത്യക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. ബിജെപി നേതാക്കൾ ഇത് ന്യായീകരിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.